പ്രവാസി കോൺസുലർ സേവന കരാർ തർക്കം; ഡൽഹി ഹൈക്കോടതി വിധി തിങ്കളാഴ്ച

ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് മാർക്ക് നൽകിയതിലും യോഗ്യത നിശ്ചയിച്ചതിലും വിവേചനവും അപാകതയും ഉണ്ടായെന്നാണ് പ്രധാന ആരോപണം

പ്രവാസി കോൺസുലർ സേവന കരാർ തർക്കം; ഡൽഹി ഹൈക്കോടതി വിധി തിങ്കളാഴ്ച
dot image

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെ നേരിട്ട് ബാധിക്കുന്ന കോൺസുലർ സേവന കരാർ തർക്കത്തിൽ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച അന്തിമ വിധി പ്രസ്താവിക്കും. ജസ്റ്റിസ് അനിൽ ക്ഷേത്രപാൽ, ജസ്റ്റിസ് ഷയിൽ ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൽ കേസിന്റെ വാദങ്ങൾ പൂർത്തിയായി. കേസിൽ ഉൾപ്പെട്ട ഇരു കക്ഷികൾക്കും തങ്ങളുടെ രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാൻ നാളെ വൈകീട്ട് അഞ്ച് മണിവരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും കീഴിലുള്ള വിസ, പാസ്‌പോർട്ട്, മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവ നൽകാനുള്ള പുതിയ ഔട്ട്‌സോഴ്‌സിങ് കരാർ നടപടികളിലെ സുതാര്യതക്കുറവാണ് നിലവിലെ നിയമപ്രതിസന്ധിക്ക് കാരണം. ടെൻഡറിൽ പങ്കെടുത്ത കമ്പനികൾക്ക് മാർക്ക് നൽകിയതിലും യോഗ്യത നിശ്ചയിച്ചതിലും വിവേചനവും അപാകതയും ഉണ്ടായെന്നാണ് പ്രധാന ആരോപണം. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ 'ഇ-ട്രാവ്' ഉൾപ്പെടെയുള്ള കമ്പനികൾ കോടതിയെ സമീപിച്ചതോടെയാണ് വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്.

പുതിയ ടെൻഡറുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ യുഎഇയിലും കുവൈറ്റിലും നിലവിൽ ഇന്ത്യൻ എംബസികളും കോൺസുലേറ്റും നേരിട്ടാണ് കോൺസുലർ സേവനങ്ങൾ നൽകിവരുന്നത്. ഹൈക്കോടതിയിൽ നിന്ന് അന്തിമ വിധി വരുന്നത് വരെ പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഏർപ്പെടുത്തിയ ഈ പ്രത്യേക ക്രമീകരണം തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

അതേസമയം, സൗദി അറേബ്യയിൽ കോൺസുലർ സേവനത്തിനുള്ള പുതിയ കരാർ ലഭിച്ച കമ്പനി പിന്നീട് പിന്മാറിയതായാണ് വിവരം. ഇതിനെ തുടർന്ന് സൗദിയിൽ പുതിയ ടെൻഡർ നടപടികൾ ഉടൻ ആരംഭിച്ചേക്കും. നിലവിൽ സൗദിയിലെ കോൺസുലർ സേവനങ്ങളുടെ നടത്തിപ്പ് ചോദ്യം ചെയ്തുകൊണ്ട് ഇ-ട്രാവ് കമ്പനി സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച ഹൈക്കോടതിയുടെ വിധി വരുന്നതോടെ വിദേശ രാജ്യങ്ങളിൽ പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങൾ എന്ന് മുതൽ ചുമതലയേൽക്കും എന്ന കാര്യത്തിലും നിലവിലെ പ്രതിസന്ധികൾക്ക് എങ്ങനെയുള്ള പരിഹാരമുണ്ടാകും എന്നതിലും പൂർണ്ണമായ വ്യക്തത വരും.

Content Highlights: The Delhi High Court will deliver its verdict on Monday in the case concerning a dispute over an expat consular service contract. The case involves legal and administrative questions linked to overseas service arrangements.

dot image
To advertise here,contact us
dot image