

ഇന്ത്യൻ ഓഹരി വിപണി ഇന്നത്തെ വ്യാപാരത്തിൽ ശക്തമായ റാലിയാണ് രേഖപ്പെടുത്തിയത് . സെൻസെക്‌സ് 579 പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 24,150 ലെവലിന് മുകളിൽ ക്ലോസ് ചെയ്തു. സെക്ടറൽ സൂചികകളിലുടനീളം ഉണ്ടായ വാങ്ങൽ താല്പര്യവും അനുകൂല ആഗോള സൂചനകളും ചേർന്നാണ് വിപണിക്ക് ശക്തമായ പിന്തുണ നൽകിയത്. ജൂലൈ മാസത്തിലെ ആദ്യ 2 ദിനങ്ങളിൽ ഇതിനോടകം തന്നെ 300 പോയിന്റിന്റെ നേട്ടമാണ് നിഫ്റ്റി 50 സൂചിക തന്നത്, ബാങ്ക് നിഫ്റ്റിയും ശക്തമായ പ്രകടനം കാഴ്ചവെച്ചു.
ഐടി സെക്ടറിലെ മുന്നേറ്റമാണ് വിപണിക്ക് പ്രധാന പിന്തുണ നൽകിയത്. ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള പ്രധാന ഐടി ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. വരുമാന പ്രതീക്ഷകളും സ്ഥിരതയുള്ള ഡിമാൻഡും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചതിനാൽ സൂചികകൾ ഉയരാൻ ഇത് പ്രധാന കാരണമായി മാറി.
ക്രൂഡ് ഓയിൽ വിലയിലെ ഇടിവും വിപണിക്ക് അനുകൂലമായി. ആഗോള ക്രൂഡ് ഓയിൽ വില ഏകദേശം $70 ബാരൽ നിരക്കിലേക്ക് താഴ്ന്നത് ഇന്ത്യയിലെ പണപ്പെരുപ്പ ആശങ്കകൾ കുറച്ചു. എണ്ണ ഇറക്കുമതി ആശ്രിത രാജ്യമായ ഇന്ത്യയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്
ആഗോള വിപണികളിലെ പോസിറ്റീവ് ട്രെൻഡും റാലിക്ക് പിന്തുണ നൽകി. ഏഷ്യൻ വിപണികളിലെ മുന്നേറ്റവും യുഎസ് ഫ്യൂച്ചറുകളിലെ സ്ഥിരതയും ഇന്ത്യൻ വിപണിയിൽ ആത്മവിശ്വാസം വർധിപ്പിച്ചു. ആഗോള റിസ്ക് സെന്റിമെന്റ് മെച്ചപ്പെട്ടതും വാങ്ങലിന് കാരണമായതായി വിദഗ്ദ്ധർ വിലയിരുത്തുന്നു.
ബ്വാങ്കിങ് ഓട്ടോ, ഫിനാൻഷ്യൽ മേഖലകളിലും വ്യാപകമായ വാങ്ങൽ നടന്നു. ഐടിക്ക് പിന്നാലെ വിവിധ സെക്ടറുകളിലേക്കും നിക്ഷേപകരുടെ താൽപര്യം വ്യാപിച്ചതോടെ വിപണിയുടെ റാലി കൂടുതൽ ശക്തവും സ്ഥിരതയുള്ളതുമായി മാറി.
മുൻ സെഷനുകളിൽ ഉണ്ടായ ഇടിവിന് ശേഷം ടെക്‌നിക്കൽ റിക്കവറിയും ഷോർട്ട് കവറിംഗും വിപണിയെ ഉയർത്തി. വാല്യു ബയിങ് കൂടിയായതോടെ പ്രധാന ലെവലുകളിൽ നിന്ന് സൂചികകൾക്ക് കരുത്തുറ്റ തിരിച്ചുവരവ് സാധ്യമായി. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ സൂചികയായ നിഫ്റ്റി പിഎസ്‌യു ബാങ്ക് നഷ്ടത്തിലേക്ക് വഴിമാറി.
Content Highlights: Markets extend gains; Sensex rallies 579 pts, Nifty closes above 24,150