പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട്-കുവൈറ്റ് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നാളെ മുതൽ

ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടാവുക

പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട്-കുവൈറ്റ് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നാളെ മുതൽ
dot image

മലബാർ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമേകി കോഴിക്കോട്ട് നിന്ന് കുവൈറ്റിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നേരിട്ടുള്ള വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന സർവീസാണ് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നത്. നേരിട്ടുള്ള സർവീസ് എത്തുന്നതോടെ കണക്റ്റിങ് ഫ്ലൈറ്റുകളുടെ ബുദ്ധിമുട്ടുകളില്ലാതെ യാത്രക്കാർക്ക് സമയലാഭത്തോടെ യാത്ര ചെയ്യാനാകും.

ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും സർവീസ് ഉണ്ടാവുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് കുവൈറ്റിലേക്കും തിരിച്ചുമുള്ള സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്നായിരിക്കും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുക. സർവീസ് പുനരാരംഭിക്കുന്ന ആദ്യ ദിനമായ ബുധനാഴ്ച മാത്രം പ്രത്യേക സമയക്രമമായിരിക്കും ഉണ്ടായിരിക്കുക.

ബുധനാഴ്ചത്തെ പ്രത്യേക സമയക്രമം അനുസരിച്ച്, കോഴിക്കോട് നിന്ന് രാവിലെ 7:30-ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 10:05-ന് കുവൈറ്റിലെത്തും. തുടർന്ന് രാവിലെ 11:05-ന് കുവൈറ്റിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം വൈകുന്നേരം 6:50-ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തും.

എന്നാൽ തുടർന്നുള്ള വെള്ളിയാഴ്ചയും ഞായറാഴ്ചയും നേരത്തെയുണ്ടായിരുന്ന സ്ഥിരം സമയക്രമത്തിലായിരിക്കും വിമാനങ്ങൾ പറക്കുക. ഇത് പ്രകാരം കോഴിക്കോട് നിന്ന് പുലർച്ചെ 2:25-ന് പുറപ്പെടുന്ന വിമാനം രാവിലെ 4:50-ന് കുവൈറ്റിലെത്തും. കുവൈറ്റിൽ നിന്ന് രാവിലെ 5:50-നാണ് തിരിച്ചുള്ള സർവീസ്. അവധിക്കാലം നാട്ടിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും മലബാറിലെ കുവൈറ്റ് പ്രവാസികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ പുതിയ തീരുമാനം.

Content Highlights: A new direct Air India Express service connecting Kozhikode and Kuwait will begin from tomorrow. The service is expected to benefit expatriates by offering better travel convenience and improved Gulf connectivity.

dot image
To advertise here,contact us
dot image