

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ലെന്ന് മന്ത്രി എം ലിജു. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യനയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ സഭാ സമ്മേളനത്തിന് ശേഷം എക്‌സൈസ് വകുപ്പ് ആരംഭിക്കും. എല്ലാ മേഖലയില്‍പ്പെട്ട ആളുകളുമായി ചര്‍ച്ചചെയ്യും. ശേഷം മദ്യനയം രൂപീകരിക്കും. പ്രോഗ്രസീവായ ഒരു നയം ആയിരിക്കും വരിക. അതിനുശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ. യുഡിഎഫിന്റെ നിലപാടും അതുതന്നെയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രി കൃത്യമായി നിലപാട് പ്രഖ്യാപിച്ചു. കേരളത്തിലെ ഏത് മദ്യവില്‍പ്പനയ്ക്കും അന്തിമവാക്ക് മദ്യനയമാണ്. വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് മദ്യ നയം വന്നിട്ടേ തീരുമാനം എടുക്കൂ. നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തത്. ബജറ്റില്‍ ഏത് നികുതി ഏര്‍പ്പെടുത്തണമെന്ന് എങ്ങനെ ഒരു ധനമന്ത്രി എക്‌സൈസ് മന്ത്രിയോട് പറയും. വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. നികുതി വന്നത് കൊണ്ട് മാത്രം വില്‍ക്കാന്‍ കഴിയില്ല. ഇവിടെ ഒരു തുള്ളി മദ്യം വില്‍ക്കണം എങ്കില്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കണം. മദ്യ നയം വരുന്നതിന് മുന്‍പ് വില്‍പ്പനയ്ക്ക് അപേക്ഷ വന്നാല്‍ എക്‌സൈസ് മന്ത്രി എന്ന നിലക്ക് അനുമതി നിഷേധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെതിരെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രംഗത്തെത്തിയതിലും മന്ത്രി പ്രതികരിച്ചു. സുധീരന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാമെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതില്‍ എന്താണ് തെറ്റെന്നും ലിജു ചോദിച്ചു.
ലഹരി ഇന്ന് കേരള സമൂഹത്തിലെ വീടുകളില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. ഇതിനെ തകര്‍ക്കണം. കേരള സര്‍ക്കാര്‍ തൂഫാന്‍, തണ്ടര്‍ തുടങ്ങിയ പേരുകളില്‍ ലഹരി പരിശോധനകള്‍ നടത്തുന്നുണ്ട്. 14,700ല്‍ അധികം കേസുകള്‍ ഇതിനോടകം ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തു. വളരെ പരിമിതമായ ഒരു വകുപ്പ് ആണ് എക്‌സൈസ് വകുപ്പ്. അതിനിടയില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പല പദ്ധതികളും ആവിഷ്‌കരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്ത് 14,722 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 1,422 കേസുകള്‍ എന്‍ഡിപിഎസ് കേസുകളാണ്. പതിനഞ്ചെണ്ണം കൊമേഷ്യല്‍ കേസുകളാണ്. 2,222 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 185.55 കിലോഗ്രാം കഞ്ചാവാണ് ഇതുവരെ പിടികൂടിയത്. 265 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 1,175 ലിറ്റര്‍ വ്യാജ കള്ളും പിടികൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് വകുപ്പിന് കുറെയേറെ പരിമിതികള്‍ ഉണ്ട്. ആധുനികവല്‍ക്കരണത്തിലേക്ക് കടന്നിട്ടില്ലാത്ത സേനയാണിത്. ആധുനിക ഉപകരണങ്ങളും ആയുധങ്ങളും ഇല്ല. വാഹനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. എക്‌സൈസ് ഓഫീസുകളുടെ സ്ഥിതി അത്ര നല്ല അവസ്ഥയിലല്ല. മോഡല്‍ എക്‌സൈസ് ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോകള്‍ ആരംഭിക്കുന്നുണ്ട്. നിലവിലുള്ള ഉദ്യോഗസ്ഥരെ അതില്‍ ഉള്‍പ്പെടുത്തി. സമഗ്രമായ പ്രവര്‍ത്തന പദ്ധതി എക്‌സൈസ് ആവിഷ്‌കരിച്ചു. മയങ്ങില്ല കേരളം എന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലഹരി വര്‍ജ്ജനം ശക്തിപ്പെടുത്തുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ താലൂക്കിലും ഡി അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കും. പുനരധിവാസം മുന്‍ നിര്‍ത്തിയും പ്രവര്‍ത്തനമുണ്ടാകും. ബോധവത്കരണം, ലഹരി വര്‍ജ്ജനം, പുനരധിവാസം എന്നിങ്ങനെയാണ് ലക്ഷ്യംവെയ്ക്കുന്നത്. മയങ്ങില്ല കേരളം ജന ജാഗ്രതാ പോര്‍ട്ടല്‍ ജൂലൈ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങള്‍ക്ക് പങ്കുവയ്ക്കാം. ഓപ്പറേഷന്‍ ശുദ്ധി എന്ന പേരില്‍ വ്യാജകള്ള് പരിശോധനയും നടത്തുമെന്നും മന്ത്രി അറിയിച്ചു.
Content Highlights- Kerala Excise Minister M. Liju said the state's alcohol policy focuses on gradually reducing liquor consumption through a phased approach