

എബോള വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ പൗരന്മാരുടെ യാത്ര സൗദി അറേബ്യ താൽക്കാലികമായി നിരോധിച്ചു. ഇതോടൊപ്പം ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് വിസ അനുവദിക്കുന്നതും രാജ്യത്തേക്ക് പ്രവേശിക്കുന്നതും സൗദി തടഞ്ഞിട്ടുണ്ട്. സൗദി പ്രസ് ഏജൻസി ആണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.
നേരിട്ടുള്ള യാത്രക്കാർക്ക് മാത്രമല്ല ഈ വിലക്ക് ബാധകമാകുന്നത്. സൗദിയിൽ എത്തുന്നതിന് മുൻപുള്ള 21 ദിവസത്തിനിടയിൽ ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ സന്ദർശനം നടത്തുകയോ താമസിക്കുകയോ ചെയ്ത ശേഷം, മറ്റ് രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുന്ന യാത്രക്കാർക്കും ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
ആരോഗ്യ സംരക്ഷണവും പകർച്ചവ്യാധി പ്രതിരോധവും ലക്ഷ്യമിട്ട് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ആഭ്യന്തര, അന്തർദേശീയ ഏജൻസികളുമായി ചേർന്ന് ശക്തമായ നിരീക്ഷണമാണ് നടത്തിവരുന്നത്. രോഗബാധിത പ്രദേശങ്ങൾക്ക് സമീപമുള്ള റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി അതിർത്തികളിൽ പ്രത്യേക ഹെൽത്ത് സ്ക്രീനിംഗും പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ സൗദി അറേബ്യയിലെ പൊതുജനാരോഗ്യ സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടികൾ സ്വീകരിച്ചതു മുതൽ രാജ്യത്ത് എബോള കേസുകളോ ലക്ഷണങ്ങളോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അന്താരാഷ്ട്ര തലത്തിലെ രോഗവ്യാപന സാഹചര്യം അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, ഇതിനനുസരിച്ച് വരും ദിവസങ്ങളിൽ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
Content Highlights: Saudi Arabia has announced travel restrictions on three countries in response to the Ebola virus outbreak. The precautionary measure is intended to reduce the risk of cross-border transmission, while health authorities continue to monitor the evolving situation and strengthen preventive measures.