'ഓണം റിലീസായി എത്തുന്നതിൽ ഒരു സിനിമ മാത്രമേ കാണുന്നുള്ളു എങ്കിൽ…' കാണേണ്ട ചിത്രത്തിന്റെ പേര് പറഞ്ഞ് പൃഥ്വിരാജ്

ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഇത്തവണ പൃഥ്വിരാജിന്‍റെ ഓണം ക്ലാഷ് റിലീസ്

'ഓണം റിലീസായി എത്തുന്നതിൽ ഒരു സിനിമ മാത്രമേ കാണുന്നുള്ളു എങ്കിൽ…' കാണേണ്ട ചിത്രത്തിന്റെ പേര് പറഞ്ഞ് പൃഥ്വിരാജ്
dot image

ഇത്തവണ കേരളാ തിയേറ്ററുകളിൽ ഓണം പൊടിപൊടിക്കുമെന്ന് ഉറപ്പാണ്. എല്ലാവരും കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് റിലീസിന് എത്തുന്നത്. മലയാള സിനിമയിലെ യുവതാരങ്ങൾ തമ്മിലുള്ള ക്ലാഷ് കൂടിയായിരിക്കും ഇത്തവണ നടക്കുക. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഐ ആം ഗെയിം, പൃഥ്വിരാജിന്റെ ഖലീഫ, നിവിൻ പോളിയുടെ ബെത്‌ലേഹം കുടുംബ യൂണിറ്റ് എന്നീ ചിത്രങ്ങളാണ് പ്രധാനമായും മലയാള സിനിമയിൽ എത്തുന്നത്.

ഇതിനൊപ്പം സൂര്യ-മമിത ചിത്രം വിശ്വനാഥൻ ആന്റ് സൺസ്, കെജിഎഫിന് ശേഷം യഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്‌സിക് എന്നിവയും തിയേറ്ററിലെത്തുന്നുണ്ട്. എല്ലാ സിനിമകളും കാണാനുള്ള ആവേശത്തിലാണ് സിനിമാപ്രേമികൾ എങ്കിലും ഓണം വിന്നർ ആകുന്ന മലയാള ചിത്രം ഏതാകും എന്നറിയാനുള്ള ആകാംക്ഷയും പ്രേക്ഷകരിലുണ്ട്.

ഓണം ക്ലാഷിനെ കുറിച്ച് കഴിഞ്ഞ ദിവസം പൃഥ്വിരാജിനോട് ഐ നോബഡിയുടെ പ്രസ്മീറ്റിൽ വെച്ച് പൃഥ്വിരാജിനോട് ചോദ്യം ഉയർന്നിരുന്നു. ഓണം ക്ലാഷ് ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകർ എന്നും താങ്കൾ അതിനെ എങ്ങനെ കാണുന്നു എന്നുമായിരുന്നു നടനോടുള്ള ചോദ്യം. ഇതിന് രസകരമായ രീതിയിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

' ഞാനും ഓണം ക്ലാഷ് ആഘോഷിക്കും. അല്ലാതെ പിന്നെ. എല്ലാ സിനിമകളും നന്നാവട്ടെ. ഓണസമയത്ത് ഇറങ്ങുന്ന എല്ലാ സിനിമകളും നിങ്ങൾ തിയേറ്ററിൽ പോയി കാണണം. നല്ല ചെലവാണെന്ന് അറിയാം. എന്നാലും പറ്റുകയാണെങ്കിൽ എല്ലാം തിയേറ്ററിൽ തന്നെ പോയി കാണുക. ഇനി ഇതിൽ ഏതെങ്കിലും ഒരു സിനിമ മാത്രമാണ് നിങ്ങൾ കാണുന്നതെങ്കിൽ ഖലീഫ കാണുക,' എന്നായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.

ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോക്ക് പുറമെ പൃഥ്വിരാജിന്റെ ലൊക്കേഷൻ സ്റ്റിൽസും കഥാപാത്രത്തിന്റെ ലുക്കും കൊണ്ട് തന്നെ ഖലീഫയ്ക്ക് ഇപ്പോൾ വലിയ ഹൈപ്പാണ് ആരാധകർക്കിടയിലുള്ളത്. മമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മാസ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ മോഹൻലാൽ മമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കാമിയോ വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള ആവേശം വർധിപ്പിക്കുന്നുണ്ട്.

Content Highlights: Prithviraj's funny reply to Onam movie release clash with Dulquer Salman and Nivin Pauly. He asks people to watch all films and adds to choose his film Khalif if you are planning to watch only one

dot image
To advertise here,contact us
dot image