ഡീസലില്‍ ഐസോബ്യൂട്ടനോള്‍: പെട്രോളിന് പിന്നാലെ ഡീസലിലും ബയോഫ്യുവൽ കലർത്താന്‍ നീക്കം; പരീക്ഷണം തുടങ്ങുന്നു

പ്രാഥമിക ഘട്ടത്തിൽ 2 ശതമാനം ഐസോബ്യൂട്ടനോൾ ചേർത്ത ഇന്ധനമായിരിക്കും പരീക്ഷണത്തിന് ഉപയോഗിക്കുക

ഡീസലില്‍ ഐസോബ്യൂട്ടനോള്‍: പെട്രോളിന് പിന്നാലെ ഡീസലിലും ബയോഫ്യുവൽ കലർത്താന്‍ നീക്കം; പരീക്ഷണം തുടങ്ങുന്നു
അജ്മല്‍ എം കെ
3 min read|26 Jun 2026, 03:55 pm
dot image

ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുകയെന്ന ലക്ഷ്യം കൈവരിച്ചതിന് പിന്നാലെ, രാജ്യം ഡീസലിലും ബയോഫ്യുവൽ (ജൈവഇന്ധനം) പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനത്തോടെ ഡീസലിൽ 'ഐസോബ്യൂട്ടനോൾ' കലർത്തുന്ന പദ്ധതിക്കാണ് സർക്കാർ രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സ് അടുത്ത പാദത്തിൽ ഐസോബ്യൂട്ടനോൾ മിശ്രിത ഡീസൽ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടത്തിന് തുടക്കം കുറിക്കും.

ഡീസലിനെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയിലെ വാണിജ്യ വാഹന മേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്ന നീക്കമായിരിക്കും ഇത്. ബിപിസിഎല്ലുമായി സഹകരിച്ചാണ് ടാറ്റാ മോട്ടോഴ്‌സ് ഈ പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ 2 ശതമാനം ഐസോബ്യൂട്ടനോൾ ചേർത്ത ഇന്ധനമായിരിക്കും പരീക്ഷണത്തിന് ഉപയോഗിക്കുകയെന്ന് ടാറ്റാ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗിരീഷ് വാഗ് വ്യക്തമാക്കി.

ഐസോബ്യൂട്ടനോളിന്റെ കലോറി മൂല്യം ഡീസലിനേക്കാൾ കുറവായതിനാൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും, 2 ശതമാനം എന്ന അളവ് വാഹനത്തിന്റെ പെർഫോമൻസിനെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് ഐസോബ്യൂട്ടനോൾ?

എഞ്ചിനുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെ തന്നെ ഡീസലിൽ കലർത്താൻ സാധിക്കുന്ന ഒരു നൂതന ബയോഫ്യുവൽ ആൽക്കഹോളാണ് ഐസോബ്യൂട്ടനോൾ. ഇത് വാഹനങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാനും, ഇന്ധനക്ഷമത കൂട്ടാനും, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും.

ലക്ഷ്യം ഊർജ്ജ സുരക്ഷ

ഇന്ത്യയിൽ പെട്രോളിനേക്കാൾ ഇരട്ടിയാണ് ഡീസലിന്റെ ഉപഭോഗം. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ 91.4 മില്യൺ ടൺ ഡീസലാണ് ഉപയോഗിച്ചത്. അതിനാൽ തന്നെ ഡീസലിലെ ബയോഫ്യുവൽ മിശ്രിത പദ്ധതി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്കും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെലവ് ചുരുക്കുന്നതിനും വലിയ സംഭാവന നൽകും. ഈ വർഷം അവസാനത്തോടെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് വരുമെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം സെക്രട്ടറി വി. ഉമാശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവിൽ ഇലക്ട്രിക്, സിഎൻജി വാഹനങ്ങൾ വിപണിയിൽ സജീവമാകുന്നുണ്ടെങ്കിലും, ദീർഘദൂര സർവീസ് നടത്തുന്ന ഇടത്തരം-ഭാരമേറിയ ട്രക്കുകൾ ഇപ്പോഴും പൂർണ്ണമായും ഡീസലിനെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ചെറിയ തോതിലുള്ള ഇന്ധന മിശ്രിത പദ്ധതി പോലും രാജ്യത്തെ ഗതാഗത മേഖലയിലെ കാർബൺ സാന്നിധ്യം വൻതോതിൽ കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Also Read:

ആഗോളതലത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഐസോബ്യൂട്ടനോൾ ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, യൂറോപ്പിലോ ചൈനയിലോ ഡീസലിൽ ഇത് നിർബന്ധമാക്കിയുള്ള വലിയ വാണിജ്യ പദ്ധതികൾ നിലവിലില്ല. ഇതോടെ ഈ രംഗത്ത് പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ് ഇന്ത്യ.

Content Highlights: India has launched pilot experiments to blend isobutanol with diesel, marking the next step in its biofuel strategy after ethanol-blended petrol. The initiative aims to reduce dependence on fossil fuels, lower emissions, improve energy security, and promote cleaner transportation through alternative fuel technologies.

dot image
To advertise here,contact us
dot image