

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് ആണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നികുതി കുറയ്ക്കുമെന്ന് അന്ന് പറഞ്ഞിരുന്നെന്നും എം വി ഗോവിന്ദന്‍ എക്‌സൈസ് മന്ത്രി ആയിരുന്ന സമയത്ത് തന്നെ നീക്കം നടത്തിയിരുന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമസഭാ രേഖകള്‍ ഉദ്ധരിച്ചായിരുന്നു വി ഡി സതീശന്റെ മറുപടി. 'വിദേശമദ്യ നയത്തില്‍ അമെന്‍ഡ്‌മെന്റ് വരുത്തി. ശരവേഗത്തില്‍ ഫയല്‍ നീങ്ങി എന്ന് പറയുന്നു. ടാക്‌സ് തീരുമാനിച്ചത് ബജറ്റിന്റെ തലേദിവസമാണ്. രാത്രി ഒരു മണിക്കാണ് ബജറ്റുമായി ബന്ധപ്പെട്ട ഭാഗം അച്ചടിച്ചത്. ടാക്‌സിന്റെ കാര്യത്തില്‍ ഫയല്‍ വേഗത്തില്‍ തന്നെയാണ് പോകേണ്ടത്. മദ്യനയം തീരുമാനിക്കുന്നത് യുഡിഎഫ് സര്‍ക്കാരാണ്': വി ഡി സതീശന്‍ പറഞ്ഞു.
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 78 ശതമാനം ആക്കിയത് തോമസ് ഐസകിന്റെ ബജറ്റാണെന്ന് പറഞ്ഞ വി ഡി സതീശൻ, ജോണി വാക്കറിന്റെ കയ്യിൽ നിന്നും ഷിവാസ് റീഗലിന്റെ കയ്യിൽ നിന്നും കൈ നീട്ടി വാങ്ങിയിട്ടാണോ 87 ശതമാനം ആക്കിയതെന്നും ചോദിച്ചു. വിഷയം പഠിക്കാൻ സമിതിയെ വയ്ക്കുമെന്നും സമിതി വിൽക്കേണ്ട എന്ന് തീരുമാനിച്ചാൽ വിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആർഎസ്എസിന്റെ വിഷസർപ്പങ്ങൾക്ക് മുന്നിൽ വിളക്കുവെച്ചു ഞങ്ങളാണെന്ന് പി പ്രസാദ് എംഎൽഎ പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ആർഎസ്എസ് വിഷസർപ്പങ്ങളുടെ മുന്നിൽ വെച്ച വിളക്ക് കൊളുത്തിയ സർക്കാരാണ് നിങ്ങളുടേത്. അത് കൊളുത്തിയതാണ്. നിങ്ങൾ പിൻവലിക്കാൻ വേണ്ടിയാണോ ഒപ്പുവെച്ചത്? അതോ മരവിപ്പിക്കാൻ വേണ്ടി ഒപ്പുവെച്ചതാണോ?' വി ഡി സതീശൻ ചോദിച്ചു.
എന്തിനാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചത് എന്നതിന് മുൻ സർക്കാരിന് മറുപടിയില്ലെന്നും മരവിപ്പിക്കാനുളള പ്രൊവിഷനില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇപ്പോൾ കേരളത്തിൽ പിഎം ശ്രീ നടപ്പിലായിട്ടില്ല. അത് നടപ്പിലാകാത്തതിന് കാരണം ഈ പറഞ്ഞ മരവിപ്പിക്കലാണ്. എന്തിനാണ് നിങ്ങളിപ്പോൾ അതിനെപ്പറ്റി വീണ്ടും ആലോചിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'ഇവിടെ സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് തടഞ്ഞുവെച്ചത് 1500 കോടിയിലധികം രൂപയാണ്. എൻഇപിയുടെ ഭാഗമായുളള ആ പൊതുവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പിഎം ശ്രീയുടെ ഭാഗമായി ഒന്നും നടപ്പിലാക്കാനുമില്ല. പക്ഷെ ആ സർവ്വശിക്ഷാ അഭിയാന്റെ ഫണ്ട് നമുക്ക് കിട്ടിയേ മതിയാവൂ. അത് കിട്ടാതിരുന്നാൽ നാം പ്രയാസത്തിലാകും. അത് കേരളത്തെയാകെ ബാധിക്കുന്നതാണ്. അത് ഒഴിവാക്കാനാണ് ഒപ്പുവെച്ച് ആ പണം വാങ്ങാനുളള ശ്രമം നടത്തിയത്. പക്ഷെ ആ ശ്രമം ശരിയല്ലെന്ന് ഞങ്ങൾ തീരുമാനിച്ചു. അത് മരവിപ്പിച്ചു. ഇപ്പോൾ പിഎം ശ്രീ ഇവിടെ നടപ്പാകുന്നില്ല. എട്ടുമാസമായി നടപ്പായിട്ടില്ല. എന്തിനാണ് നിങ്ങളിപ്പോൾ അത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്?- പിണറായി വിജയൻ ചോദിച്ചു.
Content Highlights: Decision to Sell Low-Alcohol Beverages Was Made by LDF, They Promised to Lower Tax: CM V.D. Satheesan