'സിപിഐഎം തകരുമെന്ന് കരുതേണ്ട, അത് വല്ലാത്തൊരു പൂതിയാണ്': പിണറായി വിജയന്‍

നിയമസഭ സമ്മേളനത്തിനിടെ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വിമർശനമുന്നയിച്ചിരുന്നു

'സിപിഐഎം തകരുമെന്ന് കരുതേണ്ട, അത് വല്ലാത്തൊരു പൂതിയാണ്': പിണറായി വിജയന്‍
dot image

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി വി ഡി സതീശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സിപിഐഎം തകരുമെന്ന് കരുതേണ്ടെന്നും അത് വല്ലാത്തൊരു പൂതിയാണെന്നും പറഞ്ഞാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. 'നിങ്ങളെ താങ്ങിനിര്‍ത്തുന്ന വലതുപക്ഷ മാധ്യമങ്ങള്‍ ഞങ്ങളെ കൊത്തി വലിച്ചുകീറിയിട്ടുണ്ട് എന്നിട്ട് ഞങ്ങള്‍ തകര്‍ന്നിട്ടില്ല. അതിനെ എല്ലാം നേരിട്ട് കൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. ഞങ്ങള്‍ ഇത് ആദ്യമായല്ല നേരിടുന്നത്. അതുകൊണ്ട് ഞങ്ങള്‍ തകരുമെന്ന് കരുതേണ്ട. ഞാനോ ഞങ്ങളോ ഈ സ്ഥാനത്ത് പാടില്ലായെന്ന് ഞങ്ങളുടെ പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല'; എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്.

സിപിഐഎമ്മിലെ പ്രശ്നങ്ങൾ നിയമസഭയിൽ ആയുധമാക്കിയ മുഖ്യമന്ത്രിക്ക് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. സിപിഐഎമ്മിൽ തെരഞ്ഞെടുപ്പിന് ശേഷം അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഉണ്ടെന്ന് വി ഡി സതീശൻ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയൻ പ്രതികരിച്ചത്. നിയമസഭ സമ്മേളനത്തിനിടെ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ വിമർശനമുന്നയിച്ചിരുന്നു.

സിപിഐഎമ്മിൽ ഒരു തിരുത്തലുമില്ലാതെ നന്നായി പോകുന്നുവെങ്കിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് എന്നാണ് മുഖ്യമന്ത്രി സതീശൻ മറുപടി പറഞ്ഞത്. 'ഞങ്ങളാഗ്രഹിക്കുന്നതും അതാണ്, എനിക്ക് മുഖ്യമന്ത്രി സ്ഥാനം എങ്ങനെ കിട്ടിയെന്നും ഞങ്ങളുടെ പാർട്ടിയിലെ തർക്കത്തെ കുറിച്ചും നിങ്ങളുടെ എംഎൽഎമാർ പറഞ്ഞപ്പോൾ ഞാൻ മിണ്ടിയില്ല. ചിരിച്ചുകൊണ്ടാണ് കേട്ട് കൊണ്ടിരുന്നത്. ഞങ്ങളുടെ പാർട്ടിയെ കുറിച്ച് നിങ്ങൾ സംസാരിച്ചാൽ മറുപടി കിട്ടും അത്രയേ ഉള്ളൂ' എന്നും സതീശൻ പറഞ്ഞു.


'ഞാനിവിടെ പ്രതിപക്ഷ നേതാവായിട്ടാണ് ഇരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ നിങ്ങൾ പറഞ്ഞാൽ മറുപടി പറയാൻ ഞാൻ ബാധ്യസ്ഥനാണ്' പിണറായിയും പറഞ്ഞു. തൻ്റെ പാർട്ടിയെ കുറിച്ചും മുന്നണിയെ കുറിച്ചും പറഞ്ഞാൽ തിരിച്ച് പറയുമെന്ന് വ്യക്തമാക്കി സതീശനും തുടർന്നു.

Content Highlights: Pinarayi Vijayan has dismissed speculation about the decline of CPI(M), asserting that the party remains strong and warning opponents against assuming its collapse

dot image
To advertise here,contact us
dot image