

തിരുവനന്തപുരം: ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതികരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. ഭരണത്തിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുമെന്നും അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചു. ഡിഎച്ച്എസിന്റെ ചുമതല ഏല്‍പ്പിച്ച ഡോ. മീനാക്ഷി നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. തര്‍ക്കം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഡിഎച്ച്എസ് സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടതിന് പിന്നാലെ റീന ഓഫീസില്‍ വന്ന് സീന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ആ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ആത്മസംയമനം പാലിച്ചു. അവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡോ. മീനാക്ഷി കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ട് കൊണ്ടുപോയി. യാതൊരു വിധത്തിലുള്ള തര്‍ക്കവും വകുപ്പില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ആരോടും പ്രതികാരമില്ല. സര്‍ക്കാര്‍ നയങ്ങളോട് സഹകരിക്കുന്നവര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകും. ആരോഗ്യവകുപ്പിലെ പല ഉന്നത ഉദ്യോഗസ്ഥരേയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിതരായവരാണ്. അവരെ ആരെയും മാറ്റിയിട്ടില്ല. അവര്‍ സിസ്റ്റത്തോട് സഹകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ഥിരം ഡിഎച്ച്എസിനെ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഫുള്‍ ഫ്രീഡം നല്‍കിയിട്ടുണ്ട്. അവരൊന്നും മന്ത്രി അറിയാതെ പ്രവര്‍ത്തിക്കുന്നവരല്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കെ ജെ റീനയെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി തടഞ്ഞ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്ന് ട്രൈബ്യൂണലിന്റെ സ്റ്റേ ഉത്തരവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് കെ ജെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയില്‍ റീന ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിനെ തുടര്‍ന്നായിരുന്നു റീനയുടെ സ്ഥലം മാറ്റിയ ഉത്തരവ് സ്റ്റേ ചെയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നത്. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ട്രൈബ്രൂണല്‍ ഉത്തരവ് വന്നതിന് പിന്നാലെ കെ ജെ റീന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെത്തിയെങ്കിലും കസേര വിട്ടുനല്‍കാന്‍ താല്‍ക്കാലിക ചുമതല ഏറ്റെടുത്തിരുന്ന ഡോ മീനാക്ഷി തയ്യാറായിരുന്നില്ല. ഹൈക്കോടതി തീരുമാനം വരും വരെ ഓഫീസില്‍ എത്തുമെന്നായിരുന്നു ഡോ. റീനയുടെ പ്രതികരണം. ഡോ. വി മീനാക്ഷി കാര്യങ്ങള്‍ നന്നായി നടത്തുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നുമായിരുന്നു മന്ത്രി കെ മുരളീധരന്‍ പറഞ്ഞത്. ഡോ. മീനാക്ഷി തന്നെയാണ് ഡിഎച്ച്എസ് എന്നായിരുന്നു ആ ഘട്ടത്തില്‍ ആരോഗ്യ വകുപ്പിന്റെ നിലപാട്.
Content Highlights- The Health Minister K Muraleedharan responded after a court order was issued against Reena, stating that people should cooperate with government policies and administrative decisions