പണം നൽകണ്ട, വേനൽച്ചൂട് അകറ്റാൻ എസി സൗകര്യങ്ങൾ; വ്യായാമത്തിന് അവസരമൊരുക്കി ദുബായിലെ ജിം

വേനൽക്കാലം മുഴുവൻ 17 സ്പോർട്സ് അക്കാദമികൾ ഇവിടെ പ്രവർത്തിക്കുകയും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക പരിശീലന പരിപാടികൾ നൽകുകയും ചെയ്യും.

പണം നൽകണ്ട, വേനൽച്ചൂട് അകറ്റാൻ എസി സൗകര്യങ്ങൾ; വ്യായാമത്തിന് അവസരമൊരുക്കി ദുബായിലെ ജിം
dot image

യുഎഇ നിവാസികൾക്ക് വേനൽക്കാലം സാധാരണയായി വീടിനുള്ളിൽ ഒതുങ്ങിക്കൂടാനുള്ള സമയമാണ്. ചൂട് കനക്കുന്നതോടെ പ്രഭാത നടത്തം കുറയുകയും പുറത്തെ വ്യായാമങ്ങൾ ബുദ്ധിമുട്ടാകുകയും വാരാന്ത്യ കായിക വിനോദങ്ങൾ പലപ്പോഴും തണുപ്പുകാലം വരുന്നത് വരെ മാറ്റിവെക്കേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ ഈ വേനൽക്കാലത്ത് ജിം അംഗത്വത്തിനായി പണം മുടക്കാതെ തന്നെ വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ സൗകര്യം ഒരുക്കിയിരിക്കുകയാണ് ദുബായ്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച 'ദുബായ് സ്‌പോർട്‌സ് വേൾഡ്', സൗജന്യ ജിമ്മും ഒരു കിലോമീറ്റർ നീളമുള്ള ഇൻഡോർ വാക്കിംഗ്-ജോഗിംഗ് ട്രാക്കുമാണ് ഒരുക്കിയിരിക്കുന്നത്. 2,82,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പൂർണ്ണമായും ശീതീകരിച്ച ഈ വേദിയിൽ മറ്റ് നിരവധി കായിക സൗകര്യങ്ങളുമുണ്ട്.

വേനൽക്കാലത്തെ ഈ പ്രത്യേക സംരംഭത്തിന്റെ 16-ാമത് എഡിഷനാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന ഈ മേളയിലേക്ക് കടുത്ത ചൂടിൽ നിന്നും ആശ്വാസം കണ്ടെത്തി വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറ് ഫുട്ബോൾ പിച്ചുകൾ, 15 ബാഡ്മിന്റൺ കോർട്ടുകൾ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ക്രിക്കറ്റ് പരിശീലന സൗകര്യങ്ങൾ, പാഡൽ കോർട്ടുകൾ, പിക്കിൾബോൾ, ടേബിൾ ടെന്നീസ്, വോളിബോൾ എന്നിവയുൾപ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, വേനൽക്കാലം മുഴുവൻ 17 സ്പോർട്സ് അക്കാദമികൾ ഇവിടെ പ്രവർത്തിക്കുകയും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക പരിശീലന പരിപാടികൾ നൽകുകയും ചെയ്യും.

കാർഡിയോ മെഷീനുകൾ, റെസിസ്റ്റൻസ് ഉപകരണങ്ങൾ, ഫ്രീ വെയ്റ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള ഈ ജിമ്മിൽ യാതൊരു ഫീസും നൽകാതെ തന്നെ ആളുകൾക്ക് വ്യായാമം ചെയ്യാം. കേവലമൊരു കായിക കേന്ദ്രം എന്നതിലുപരി, കുട്ടികൾക്കായുള്ള പ്ലേ സോണുകൾ, ഗെയിമുകൾ, ഗെയിമിംഗ് ഏരിയകൾ, വിവിധതരം ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് ട്രക്കുകൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

പുറത്ത് കനത്ത ചൂടാണെങ്കിലും ആളുകൾക്ക് സജീവമായിരിക്കാനും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം സമയം ചെലവഴിക്കാനും വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസ്വദിക്കാനും കഴിയുന്ന ഒരു ഇടം നൽകുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ദിവസവും രാവിലെ എട്ട് മണി മുതൽ അർദ്ധരാത്രി വരെയാണ് ദുബായ് സ്‌പോർട്‌സ് വേൾഡ് പ്രവർത്തിക്കുക. മികച്ച അത്‌ലറ്റുകൾക്കും ഫിറ്റ്‌നസ് പ്രേമികൾക്കും പുറമെ, സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ഇവിടം ഒരു മികച്ച ചോയ്‌സാകുമെന്നാണ് വിലയിരുത്തൽ.

Content Highlights: In a unique summer initiative, a gym in Dubai has opened its air-conditioned facilities to the public free of charge. The move aims to help residents escape the extreme heat while encouraging physical activity and a healthier lifestyle.

dot image
To advertise here,contact us
dot image