'എനിക്കറിയാവുന്ന വി ഡി സതീശന്‍ സുകുമാരന്‍ നായരുടെ അടുത്തേക്ക് പോകില്ല, ആദര്‍ശമുള്ള ആളാണ് അദേഹം': ഗണേഷ് കുമാർ

മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുന്ന ഒരാളെ അവന്‍, ഇവന്‍ എന്ന് വിളിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ആരായാലും പ്രോട്ടോക്കോള്‍ മാനിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

'എനിക്കറിയാവുന്ന വി ഡി സതീശന്‍ സുകുമാരന്‍ നായരുടെ അടുത്തേക്ക് പോകില്ല, ആദര്‍ശമുള്ള ആളാണ്  അദേഹം': ഗണേഷ് കുമാർ
dot image

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ ബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുന്ന ഒരാളെ അവന്‍, ഇവന്‍ എന്ന് വിളിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ആരായാലും പ്രോട്ടോക്കോള്‍ മാനിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കുന്നത് അന്തസ്സിനും തറവാടിത്തനിനും ചേര്‍ന്നതല്ലെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രി തിരക്കുള്ള ആളാണെന്നും സമയം കൊടുക്കുന്നതില്‍ പരിമിതികള്‍ ഉണ്ടാകുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

വി ഡി സതീശനെ 25 വര്‍ഷമായി അടുത്തറിയാമെന്നും മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ പ്രത്യേക മര്യാദ നല്‍കണമെന്നും അദേഹം ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രിയെയും ചിലര്‍ ഇത്തരത്തില്‍ ബഹുമാനം ഇല്ലാതെ അഭിസംബോധന ചെയ്ത സമയത്തും അതിനെതിരെ പ്രതികരിച്ചിട്ടുണ്ടെന്നും ഇനിയും അതേ നിലപാടില്‍ തുടരുമെന്നും അദേഹം പറഞ്ഞു. എനിക്കറിയാവുന്ന വി ഡി സതീശന്‍ സുകുമാരന്‍ നായരുടെ അടുത്തേക്ക് പോകില്ല, അദേഹം ആദര്‍ശമുള്ള ആളാണ് എന്നും ഗണേശ് കുമാര്‍ പ്രതികരിച്ചു.

താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലും ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. അമ്മയെ മോഹല്‍ലാലും മമ്മൂട്ടിയും വന്ന് രക്ഷിക്കണം. സീനിയര്‍ ആയിട്ടുള്ളവര്‍ നേതൃസ്ഥാനത്ത് വരണം. ഭാരവാഹിത്വത്തില്‍ ഇനിയൊരു പരീക്ഷണം വേണ്ട. വാര്‍ഷിക യോഗത്തില്‍ കണക്കുക്കളിലെ അപാകതകള്‍ പരിശോധിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം തിരഞ്ഞെടുപ്പിലേക്ക് പോകുമെന്നും നാലുമാസം ആണ് കമ്മിറ്റിയുടെ ചുമതലയെന്നും അദേഹം കുട്ടിച്ചേര്‍ത്തു.

ഭരണ സമിതി അംഗങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടായില്ലെന്നും ട്രഷററും സെക്രട്ടറിയും പ്രസിഡണ്ടും തമ്മില്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായില്ലെന്നും അദേഹം വ്യക്തമാക്കി. ജനറല്‍ ബോഡിയുടെ തീരുമാനങ്ങളാണ് അന്തിമമെന്നും അമ്മയില്‍ രാഷ്ട്രീയവും ജാതിയും മതവും കലര്‍ത്താന്‍ പാടില്ലെന്നും അദേഹം പറഞ്ഞു.കലാകാരന് എന്ത് മതം എന്ന് ചോദിച്ച് കൊണ്ടാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്. മതപരമായ ആരോപണങ്ങള്‍ വരാന്‍ പാടില്ലായിരുന്നു എന്നും ആരോപണങ്ങള്‍ ലജ്ജാകരം ആണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു. സതീശന്‍ വിചാരിച്ചാല്‍ എന്‍എസ്എസിനെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും എന്‍എസ്എസ് വിചാരിച്ചാല്‍ പലതും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും എന്‍എസ്എസിന് നല്‍കിയില്ലെന്നും. സതീശന്‍ അഹങ്കാരിയാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.

Content Highlights: Minister KB Ganesh Kumar has reacted to the remarks made by NSS General Secretary G Sukumaran Nair against VD Satheesan, adding a new dimension to the political debate in Kerala

dot image
To advertise here,contact us
dot image