കുവൈറ്റിൽ റെക്കോർഡ് വേനൽച്ചൂട്, താപനില 55 ഡി​ഗ്രിയിലേക്ക്, പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം

ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

കുവൈറ്റിൽ റെക്കോർഡ് വേനൽച്ചൂട്, താപനില 55 ഡി​ഗ്രിയിലേക്ക്, പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം
dot image

കുവൈറ്റിൽ വേനൽച്ചൂട് അതീവ രൂക്ഷമായ സാഹചര്യത്തിൽ താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് അഗ്നിശമന സേനയും ബന്ധപ്പെട്ട അധികൃതരും പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

വേനൽക്കാലത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുകയും ദീർഘനേരം തുറസ്സായ സ്ഥലങ്ങളിൽ ചെലവഴിക്കുന്നത് പരമാവധി കുറയ്ക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, ഉയർന്ന ചൂട് മൂലം വൈദ്യുതി ഉപഭോഗം വർധിക്കുന്നതിനാൽ തീപിടിത്ത സാധ്യത ഉയരുന്നതായി കുവൈറ്റ് അഗ്നിശമന സേന വക്താവ് ബ്രിഗേഡിയർ മുഹമ്മദ് അൽ-ഗരീബ് വ്യക്തമാക്കി. വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപകരണങ്ങളുടെ സുരക്ഷിത പ്രവർത്തനം ഉറപ്പാക്കണം. സോക്കറ്റുകളിൽ അമിതഭാരം ഒഴിവാക്കുകയും എയർ കണ്ടീഷണറുകൾ സമയബന്ധിതമായി സർവീസ് ചെയ്യുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ നേരിട്ട് ചൂട് ലഭിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറ്റി സൂക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഡെലിവറി മേഖലയിലെ ജീവനക്കാരും നിലവിലുള്ള ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഗ്നിശമന സേന പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Content Highlights: Authorities in Kuwait have warned residents to take precautions as temperatures are expected to climb close to 55°C. The advisory urges people to avoid direct sun exposure during peak hours, stay hydrated, and follow safety measures to prevent heat-related illnesses.

dot image
To advertise here,contact us
dot image