വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാനുളള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ
dot image

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച വിഷയത്തില്‍ തിരുത്തല്‍ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് സുധീരന്‍ കത്തയച്ചു. വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാനുളള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോകണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ വ്യാപനം കേരളത്തില്‍ അതിഗുരുതര വിപത്തായ സാഹചര്യത്തില്‍ കേരളത്തെ അതില്‍ നിന്നും മുക്തമാക്കാന്‍ ലകഷ്യമിട്ടുളള നയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന് വിരുദ്ധമായി മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശം ബജറ്റില്‍ വന്നത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്കുതന്നെ നിരക്കാത്തതാണെന്നും അത് ജനങ്ങളോടുളള വാഗ്ദാന ലംഘനമാണെന്നും വി എം സുധീരന്‍ കത്തില്‍ പറയുന്നു.

വീര്യം കുറഞ്ഞതെന്ന പേരില്‍ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപല്‍ക്കരമാണെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുളളതാണെന്നും അതുകൊണ്ട് യുഡിഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നിര്‍ദേശവുമായി ഒരു കാരണവശാലും മുന്നോട്ടുപോകരുതെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന കഴിഞ്ഞ ദിവസമാണ് നിശ്ചയിച്ചത്.  നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് 'ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്' എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

0.5% മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യമാണ് ഈ വിഭാഗത്തില്‍ വരുന്നത്. 0.5- 10 ശതമാനം വരെ വീര്യമുളള മദ്യത്തിന് 120%, 10-20% വരെ വീര്യമുളളവയ്ക്ക് 175% എന്നിങ്ങനെയാണ് നികുതി ഘടന. കഴിഞ്ഞ സര്‍ക്കാര്‍ 2022-23ലെ അബ്കാരി നയത്തില്‍ വീര്യം കുറഞ്ഞ മദ്യവില്‍പ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുളള മദ്യം വില്‍ക്കുന്ന അതേ നികുതി നല്‍കേണ്ടിയിരുന്നതിനാല്‍ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വിറ്റിരുന്നില്ല. പ്രമുഖ കമ്പനികള്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാനായി നികുതി ഘടന പരിഷ്‌കരണത്തിന് കഴിഞ്ഞ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു.

Content Highlights: Tax Cut on Low-Alcohol Beverages: VM Sudheeran Writes to CM Demanding Correction

dot image
To advertise here,contact us
dot image