ലോകത്തെ നമ്പർ 1 എണ്ണക്കമ്പനി, ചില്ലറ വില്‍പ്പനയുമില്ല: പിന്നെന്തിന് സൗദി അരാംകോയ്ക്ക് കോടികളുടെ പരസ്യം

അരാംകോയുടെ പ്രധാന ഇടപാടുകാർ സാധാരണ ജനങ്ങളല്ല, അവർ ലക്ഷ്യമിടുന്നത് വേറൊരു വിഭാഗത്തെയാണ്

ലോകത്തെ നമ്പർ 1 എണ്ണക്കമ്പനി, ചില്ലറ വില്‍പ്പനയുമില്ല: പിന്നെന്തിന്   സൗദി അരാംകോയ്ക്ക് കോടികളുടെ പരസ്യം
അജ്മല്‍ എം കെ
3 min read|21 Jun 2026, 05:01 pm
dot image

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ സൗദി അരാംകോ എന്തിനായിരിക്കും ഫോർമുല വൺ റേസിംഗ്, ഫിഫ ലോകകപ്പ്, അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകൾ എന്നിവയിലൊക്കെ കോടിക്കണക്കിന് രൂപ മുടക്കി പരസ്യം ചെയ്യുന്നത്. സാധാരണ ആളുകളുമായി നേരിട്ട് വ്യാപാര ബന്ധമുള്ള കമ്പനികള്‍ പരസ്യം നല്‍കുന്നതാണല്ലോ നമ്മള്‍ അധികവും കാണാറുള്ളത്. എന്നാല്‍ ഇവിടെ ഒളിഞ്ഞ് നില്‍ക്കുന്നത് അരാംകോ പോലുള്ള കമ്പനികളുടെ വന്‍ ബിസിനസ് തന്ത്രങ്ങളാണ്.

ലളിതമായി പറഞ്ഞാല്‍ ആഗോള വിപണിയിൽ തങ്ങളുടെ സ്വാധീനവും വിശ്വാസ്യതയും നിലനിർത്താനുള്ള വലിയ ബിസിനസ്സ്-രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ് അരാംകോ പോലുള്ള കമ്പനികള്‍ ഈ പരസ്യങ്ങൾ നൽകുന്നത്.

ലക്ഷ്യം നിക്ഷേപം

അരാംകോയുടെ പ്രധാന ഇടപാടുകാർ സാധാരണ ജനങ്ങളല്ല, മറിച്ച് വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകളും വൻകിട വ്യവസായശാലകളുമാണ്. അതോടൊപ്പം, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനി എന്ന നിലയിൽ ആഗോള നിക്ഷേപകരുടെ വിശ്വസ്തത നേടിയെടുക്കേണ്ടത് അരാംകോയ്ക്ക് അത്യാവശ്യമാണ്. ആഗോളതലത്തിൽ ബ്രാൻഡ് മൂല്യം ഉയർത്തി നിർത്തുന്നത് വഴി വലിയ നിക്ഷേപങ്ങളെ കമ്പനിയിലേക്ക് ആകർഷിക്കാൻ ഈ പരസ്യങ്ങൾ സഹായിക്കുന്നു.

ചില്ലറ വിപണി

നേരിട്ട് ഇന്ധന വിപണിയിൽ ഇല്ലെങ്കിലും, അരാംകോയുടെ കീഴിലുള്ള പല ഉപോൽപ്പന്നങ്ങളും ചില്ലറ വിപണിയിൽ സജീവമാണ്. ലോകപ്രശസ്ത ലൂബ്രിക്കന്റ് ബ്രാൻഡായ വാൽവോലിൻ (Valvoline) ഉൾപ്പെടെയുള്ളവ അരാംകോയുടെ ഉടമസ്ഥതയിലാണ്. കൂടാതെ പ്ലാസ്റ്റിക്, പെയിന്റ് തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പെട്രോകെമിക്കലുകളുടെ ലോകത്തെ ഏറ്റവും വലിയ വിതരണക്കാരും ഇവരാണ്. ഇത്തരം ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ്ങിന് ഇത്തരം സ്പോൺസർഷിപ്പുകൾ വലിയ പിന്തുണ സഹായകരമായി മാറുന്നു.

'ഗ്രീൻ ഇമേജ്'

ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന കമ്പനികളിലൊന്ന് എന്ന പേരുദോഷം മാറ്റിയെടുക്കാൻ അരാംകോ നിലവിൽ ശ്രമിക്കുന്നുണ്ട്. തങ്ങൾ വെറുമൊരു ക്രൂഡ് ഓയിൽ കമ്പനിയല്ലെന്നും, ഭാവി ഊർജ്ജ സ്രോതസ്സുകളായ ഹൈഡ്രജൻ ഇന്ധനം, പുനരുപയോഗ ഊർജ്ജം എന്നിവയിൽ വൻതോതിൽ ഗവേഷണം നടത്തുന്ന 'ഫ്യൂച്ചർ എനർജി' കമ്പനിയാണെന്നും ലോകത്തെ ബോധ്യപ്പെടുത്താൻ ഈ പരസ്യവേദികൾ അവർ ഉപയോഗിക്കുന്നു.

സൗദിയുടെ 'സോഫ്റ്റ് പവർ'

സൗദി അറേബ്യയുടെ സാമ്പത്തിക ശക്തിയുടെ മുഖമുദ്രയാണ് അരാംകോ. സൗദി ഭരണകൂടത്തിന്റെ 'വിഷൻ 2030' (Vision 2030) പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ടൂറിസം, കായികം, വിനോദം എന്നിവയുടെ ആഗോള ഹബ്ബാക്കി മാറ്റാൻ രാജ്യം ശ്രമിക്കുന്നുണ്ട്. അരാംകോ നടത്തുന്ന വൻകിട സ്പോൺസർഷിപ്പുകൾ സൗദി അറേബ്യ എന്ന രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയും രാഷ്ട്രീയ സ്വാധീനവും വർദ്ധിപ്പിക്കുന്നതിന് നേരിട്ട് സഹായിക്കുന്നു.

Content Highlights: Despite having no direct retail fuel business, Saudi Aramco invests heavily in global advertising through events such as Formula One and the FIFA World Cup. The strategy is aimed at strengthening its global brand, enhancing corporate reputation, supporting international partnerships, and reinforcing its position as a leading energy company rather than driving consumer fuel sales.

dot image
To advertise here,contact us
dot image