

മത്സ്യബന്ധനത്തിനും വിനോദയാത്രകൾക്കുമായി ഉപയോഗിക്കുന്ന ബോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന സമയനിയന്ത്രണം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. പുതിയ ഉത്തരവ് പ്രകാരം ഞായറാഴ്ച മുതൽ ബോട്ടുകൾക്ക് പകലും രാത്രിയും ഉൾപ്പെടെ 24 മണിക്കൂറും കടലിൽ സഞ്ചരിക്കാൻ അനുമതിയുണ്ടാകും. രാജ്യത്തെ നിലവിലെ സമുദ്രസുരക്ഷാ സാഹചര്യം വിശദമായി വിലയിരുത്തിയ ശേഷമാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് കടൽയാത്രികർക്കും മത്സ്യത്തൊഴിലാളികൾക്കും തങ്ങളുടെ ജോലികളും വിനോദങ്ങളും കൂടുതൽ സൗകര്യപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമയനിയന്ത്രണം നീക്കിയെങ്കിലും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ബോട്ടുകൾ മുൻകൂട്ടി അനുമതിയുള്ള സമുദ്രമേഖലകളിൽ മാത്രമേ സഞ്ചരിക്കാവൂ. എണ്ണ ഉത്പാദന കേന്ദ്രങ്ങൾ, മറ്റ് തന്ത്രപ്രധാന മേഖലകൾ, ഫൈലക്ക ദ്വീപിന്റെ വടക്കൻ-വടക്കുകിഴക്കൻ ജലമേഖലകൾ, ബുബിയാൻ ദ്വീപിന്റെ തെക്കൻ ജലമേഖലകൾ എന്നിവയ്ക്ക് സമീപത്തേക്ക് യാതൊരു കാരണവശാലും പ്രവേശിക്കാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.
യാത്രയിലുടനീളം ബോട്ടുകളിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം പ്രവർത്തനസജ്ജമായിരിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. സമുദ്രഗതാഗതം കൃത്യമായി നിരീക്ഷിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും ഇത് അനിവാര്യമാണ്. കൂടാതെ, കുവൈറ്റ് ബേയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളും അമേച്വർ മത്സ്യത്തൊഴിലാളികളും ‘സഹൽ’ ആപ്പ് വഴി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയിൽ നിന്ന് മുൻകൂട്ടി ക്യുആർ കോഡ് കൈപ്പറ്റിയിരിക്കണം.
രാജ്യത്തിന്റെ സമുദ്രഅതിർത്തികളിൽ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണം 24 മണിക്കൂറും ശക്തമായി തുടരുമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമായ കടൽയാത്ര ഉറപ്പാക്കാൻ എല്ലാ യാത്രികരും ഉത്തരവാദിത്തത്തോടെ ട്രാഫിക്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Kuwait has officially withdrawn operating time restrictions for fishing and recreational boats, permitting 24-hour navigation. The move is aimed at supporting maritime activities, enhancing flexibility for boat operators, and boosting the country's marine recreation sector.