'സ്ത്രീകൾ എന്ന നിലയിൽ പരാജയം ഉണ്ടായിട്ടില്ല, സംഘടനാപരമായ പാളിച്ചകൾ ഉണ്ടായി'; 'അമ്മ'യിലെ രാജിയില്‍ ജഗദീഷ്

അംഗത്വത്തില്‍ നിന്ന് രാജിവെച്ച തീരുമാനം ശ്വേത പിന്‍വലിക്കും എന്നാണ് വിശ്വാസമെന്നും ജഗദീഷ്

'സ്ത്രീകൾ എന്ന നിലയിൽ പരാജയം ഉണ്ടായിട്ടില്ല, സംഘടനാപരമായ പാളിച്ചകൾ ഉണ്ടായി'; 'അമ്മ'യിലെ രാജിയില്‍ ജഗദീഷ്
dot image

കൊച്ചി: 'അമ്മ' ഭരണസമിതി രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്. ഭരണസമിതിക്ക് സംഘടനാപരമായ പാളിച്ചകള്‍ ഉണ്ടായെന്ന് ജഗദീഷ് പറഞ്ഞു. കണക്കുകളില്‍ തിരിമറി നടന്നിട്ടില്ലെന്നും പക്ഷേ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അംഗങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് മുന്നില്‍ മോശമായ പ്രതിച്ഛായ സൃഷ്ടിച്ചെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിക്കവേയായിരുന്നു ജഗദീഷിന്റെ പ്രതികരണം.

'ജനറല്‍ ബോഡി യോഗത്തില്‍ അവിശ്വാസപ്രമേയം പാസാക്കുന്നതിന് മുന്‍പ് തന്നെ അംഗങ്ങളുടെ വികാരം മനസിലായി. അതുകൊണ്ടാണ് ഭരണസമിതി രാജിവെച്ച് ഒഴിഞ്ഞത്. സ്ത്രീകള്‍ എന്ന നിലയ്ക്കുള്ള പരാജയം ഉണ്ടായിട്ടില്ല. വ്യക്തിപരമായി എല്ലാവരും നന്നായി പ്രവര്‍ത്തിച്ചവരാണ്. സംഘടനാപരമായ അച്ചടക്കത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. കുറച്ചുപേര്‍ ചെയ്ത തെറ്റിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് ഭരണസമിതി രാജിവെച്ച് ഒഴിഞ്ഞത്', ജഗദീഷ് പറഞ്ഞു.

അംഗത്വത്തില്‍ നിന്ന് രാജിവെച്ച തീരുമാനം ശ്വേത പിന്‍വലിക്കും എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി ഒത്തുതീര്‍പ്പിനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയില്ലെന്നും അതൃപ്തി ആണ് പ്രകടിപ്പിച്ചതെന്നും ജഗദീഷ് പറഞ്ഞു. 'പ്രസിഡന്റിനെ ചേരിതിരിഞ്ഞ് ആക്രമിച്ചിട്ടില്ല, ഒറ്റപ്പെടുത്തിയിട്ടില്ല. പ്രസിഡന്റ് ചെയ്യേണ്ട ചില കാര്യങ്ങള്‍ കൃത്യമായി ചെയ്തില്ല. കുറ്റാരോപിതര്‍ ഭാരവാഹിസ്ഥാനത്തേക്ക് അടുത്ത തെരഞ്ഞെടുപ്പിലും ഉണ്ടാകില്ല. അവര്‍ മത്സരിക്കാന്‍ പാടില്ല എന്നുള്ളതാണ് അമ്മയുടെ പൊതു തത്വം', ജഗദീഷ് വ്യക്തമാക്കി.

ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റിയാണ് ജഗദീഷ് പ്രഖ്യാപിച്ചത്. അമ്മ സംഘടനയിലെ ഭരണസമിതി മുഴുവന്‍ രാജിവെച്ചതിന് പിന്നാലെ ഇനി നയിക്കുക അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും. നാല് മാസമായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. രമേഷ് പിഷാരടി എംഎല്‍എയായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റിയുടെ കണ്‍വീനര്‍. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, ആശ അരവിന്ദ്, ഷാജോണ്‍, കൃഷ്ണ പ്രഭ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Content Highlights: Following the resignation of the AMMA executive committee, actor Jagadish said the leadership had organizational failures and weaknesses in managing the association's affairs

dot image
To advertise here,contact us
dot image