

തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി പി രാജീവ്. വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് ചുരുങ്ങിയ വിലയ്ക്ക് ശീതളപാനീയം പോലെ വില്‍ക്കാന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നതെന്ന് പി രാജീവ് വിമര്‍ശിച്ചു.
എക്‌സൈസ് വകുപ്പ് ഇതൊന്നുമറിഞ്ഞില്ലെന്നും വില്‍ക്കാന്‍ അനുവദിക്കണോ വേണ്ടയോ എന്ന് നയപരമായി തീരുമാനിച്ചിട്ടില്ലെന്നുമാണ് വകുപ്പ് മന്ത്രി പറയുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നിലവില്‍ നിരോധനമുണ്ടെന്നും നയപരമായി തീരുമാനിച്ചാല്‍ മാത്രമേ വില്‍പന അനുവദിക്കുകയുള്ളൂവെന്നാണോ മന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥമെന്ന് പി രാജീവ് ചോദിച്ചു. വില്‍ക്കണമെങ്കില്‍ ഉയര്‍ന്ന നികുതി അടയ്ക്കണമെന്ന മദ്യക്കമ്പനിയുടെ പ്രശ്‌നമാണ് വില്‍പന നടത്താത്തതിന് കാരണം. ആ ബുദ്ധിമുട്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രി പരിഹരിച്ചുകൊടുത്തത്. ഒറ്റ മാസത്തിനുള്ളില്‍ എന്തൊക്കെയാണ് കേരളം കണ്ടതെന്നും പി രാജീവ് പരിഹസിച്ചു.
പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്രയോ തവണ ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയായപ്പോള്‍ അങ്ങനെയുള്ള മണ്ടത്തരമൊന്നും കാണിക്കാന്‍ കിട്ടില്ലെന്ന നിലപാടിലെത്തി. വരുമാനം കുറയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞയാള്‍ അതിനേക്കാള്‍ വേഗതയില്‍ നികുതി കുറയ്ക്കാന്‍ ബജറ്റില്‍ തയ്യാറായി. പക്ഷേ, അത് പെട്രോളിനും ഡീസലിനുമായിരുന്നില്ല, മദ്യത്തിനായിരുന്നുവെന്ന് മാത്രം.
മദ്യക്കമ്പനി ഇക്കാര്യം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അന്ന് അതിന് തയ്യാറായിരുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വേഗതയില്‍ തീരുമാനമായി. ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്ന രീതിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാത്ത മുഖ്യമന്ത്രി മദ്യക്കമ്പനിയുടെ ആവശ്യം അനുവദിച്ച് ശരിയായ പക്ഷം പ്രകടിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് ചുരുങ്ങിയ വിലയ്ക്ക് ശീതളപാനീയം പോലെ വില്‍ക്കാന്‍ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.
എക്‌സൈസ് വകുപ്പ് ഇതൊന്നുമറിഞ്ഞില്ലെന്നും വില്‍ക്കാന്‍ അനുവദിക്കണോ വേണ്ടയോ എന്ന് നയപരമായി തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നിലവില്‍ നിരോധനമുണ്ടെന്നും നയപരമായി തീരുമാനിച്ചാല്‍ മാത്രമേ വില്‍പ്പന അനുവദിക്കുകയുള്ളൂ എന്നാണോ മന്ത്രി പറഞ്ഞതിന്റെ അര്‍ത്ഥം! വില്‍ക്കാന്‍ നിയമപരമായി അനുമതിയില്ലാത്തതിന് ബജറ്റില്‍ നികുതി പ്രഖ്യാപിക്കുമെന്നാണോ എക്‌സൈസ് മന്ത്രി കരുതുന്നത്?. വില്‍ക്കണമെങ്കില്‍ ഉയര്‍ന്ന നികുതി അടയ്ക്കണമെന്ന മദ്യക്കമ്പനിയുടെ പ്രശ്‌നമാണ് വില്‍പ്പന നടത്താത്തതിന് കാരണം. ആ ബുദ്ധിമുട്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രി പരിഹരിച്ചുകൊടുത്തത്. ഒറ്റ മാസത്തിനുള്ളില്‍ എന്തൊക്കെയാണ് കേരളം കണ്ടത്!.
മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞിരുന്നു. ഇതിന് പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ മദ്യത്തിന്റെ ഉപയോഗം കുത്തനെ വര്‍ധിക്കും. വീര്യം കുറഞ്ഞതാണ് നല്‍കുന്നത് എന്ന ന്യായമുയര്‍ത്തിയാലും മദ്യത്തിന്റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വര്‍ധിക്കുന്നത്. വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
Content Highlights- P Rajeev criticized proposals related to the sale of low-alcohol beverages, alleging that they could make alcohol available in a manner similar to soft drinks.