

മലയാളികളുടെ പ്രിയതാരമാണ് ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ മറ്റുള്ളവരോടുള്ള പെരുമാറ്റത്തെ കുറിച്ചും വിനയത്തെ കുറിച്ചും സിനിമാ മേഖലയിലുള്ള നിരവധിപ്പേര്‍ സംസാരിക്കാറുണ്ട്. നാഷണല്‍ അവാര്‍ഡ് വാങ്ങിയ നടനെന്നതിലുപരി സിനിമയില്‍ വര്‍ഷങ്ങളായിട്ട് വ്യക്തി എന്ന നിലയില്‍ അദ്ദേഹം പുതുമുഖങ്ങളോട് പോലും വളരെ വിനയത്തോടെയാണ് പെരുമാറാറുള്ളതെന്ന് നിരവധി യുവതാരങ്ങള്‍ പറയാറുണ്ട്.
ഇപ്പോഴിതാ നടനും അവതാരകനുമായ വിഷ്ണു അഗസ്ത്യ ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ദ്രന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈയില്‍ ഒരു പ്രധാന വേഷത്തില്‍ വിഷ്ണു അഗസ്ത്യയുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സിനൊപ്പമുള്ള അനുഭവം വിഷ്ണു അഗസ്ത്യ പങ്കിട്ടത്.
വിഷ്ണു അഗസത്യയുടെ കരിയറിലെ ആദ്യ സിനിമകളില്‍ ഒന്നായ ആളൊരുക്കത്തിലാണ് ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ആളൊരുക്കം.
'ഇന്ദ്രന്‍സേട്ടന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ ആളൊരുക്കത്തില്‍ ഞാന്‍ പുതിയ ആളായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. അതില്‍ അദ്ദേഹത്തിന്റെ ഓപ്പോസിറ്റായി ഡയലോഗ് പറയുന്ന സീനുണ്ട്. സീനില്‍ എന്റെ തോളില്‍ അദ്ദേഹത്തിന്റെ ഫേസ് വച്ചതിന് ശേഷം പരസ്പരം സംസാരിക്കുന്ന രംഗമാണത്. ഡയലോഗ് പറയുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഡയലോഗ് തെറ്റിക്കഴിഞ്ഞാല്‍ എന്നോട് സോറി സാര്‍ എന്ന് പറയും. ഞാനത് കേട്ടിട്ട് ഞെട്ടിപ്പോയി. അദ്ദേഹം ഭയങ്കര പ്രൊഫഷണലാണ്. എല്ലാവരും തൊഴിലെടുക്കാന്‍ വന്നതാണ് എന്ന ബഹുമാനം ചുറ്റുമുള്ള എല്ലാ മനുഷ്യര്‍ക്കും കൊടുക്കാന്‍ പറ്റുന്ന ആളാണ് അദ്ദേഹം'- വിഷ്ണു പറഞ്ഞു.
Content Highlights: Vishnu Agsathya says Indrans is a person who behaves very politely even towards new faces