

കുവൈറ്റിലെ സർക്കാർ ആശുപത്രികളിലും പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലും രോഗികൾക്ക് കൂടുതൽ ശാന്തവും സൗകര്യപ്രദവുമായ ചികിത്സാ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ അൽ ഖലീഫ അൽ സബാഹ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെ ആശുപത്രി വാർഡുകളിൽ ‘ക്വയറ്റ് അവർസ്’ അഥവാ നിശബ്ദ സമയം കർശനമായി പാലിക്കണം. രോഗികളുടെ വിശ്രമത്തിനും ഉറക്കത്തിനും തടസ്സമാകുന്ന അനാവശ്യ ശബ്ദങ്ങളും ഇടപെടലുകളും ഒഴിവാക്കി ചികിത്സാ നിലവാരം മെച്ചപ്പെടുത്താനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. എങ്കിലും, അടിയന്തര വിഭാഗങ്ങൾ, ഐസിയു, ഹൃദ്രോഗ വിഭാഗങ്ങൾ, ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയെ ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആശുപത്രി സന്ദർശന സമയത്തിലും മന്ത്രാലയം നിർണ്ണായകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സന്ദർശകർക്ക് ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി എട്ട് മണി വരെയായിരിക്കും ഇനി ആശുപത്രികളിൽ പ്രവേശനം അനുവദിക്കുക. ഔദ്യോഗിക അവധി ദിവസങ്ങളിൽ സാധാരണ സമയത്തിന് പുറമെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും പ്രത്യേകമായി സന്ദർശനം അനുവദിക്കുന്നതാണ്. വിശുദ്ധ റമദാൻ മാസത്തിൽ സന്ദർശകർക്ക് രാത്രി ഒമ്പത മണി വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. കൂടാതെ, അനാവശ്യമായ തിരക്ക് ഒഴിവാക്കുന്നതിനായി ഒരേസമയം ഒരു രോഗിയെ സന്ദർശിക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി ഏഴ് പേരായി നിജപ്പെടുത്തിയിട്ടുമുണ്ട്.
രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിലും മന്ത്രാലയം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ഓരോ രോഗിക്കും ഒരേ ലിംഗത്തിൽപ്പെട്ട ഒരാൾക്ക് മാത്രമേ സ്ഥിരമായി കൂട്ടിരിക്കാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. എങ്കിലും, രോഗിയുടെ മാനുഷികവും സാമൂഹികവുമായ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ ഈ നിയമത്തിൽ ഇളവുകൾ നൽകാൻ മെഡിക്കൽ ബോർഡ് തലവന്മാർക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നതിനായി രാജ്യത്തെ എല്ലാ ആശുപത്രികൾക്കും 30 ദിവസത്തെ സമയമാണ് ആരോഗ്യ മന്ത്രാലയം അനുവദിച്ചിട്ടുള്ളത്.
Content Highlights: Kuwaiti health authorities have introduced new regulations in government hospitals to enhance patient comfort and ensure adequate rest during treatment and recovery. The guidelines are expected to improve healthcare quality and patient well-being across public medical facilities.