'ഒരു മാസം ഒരു ഡസൻ യൂടേൺ,ഇപ്പോൾ UT സതീശനായി,വിസ്മയങ്ങളെത്ര കാണാനിരിക്കുന്നു';മുഖ്യമന്ത്രിയെ പരിഹസിച്ച് MBരാജേഷ്

മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേര്‍ത്തെന്ന് പരിഹാസം

'ഒരു മാസം ഒരു ഡസൻ യൂടേൺ,ഇപ്പോൾ UT സതീശനായി,വിസ്മയങ്ങളെത്ര കാണാനിരിക്കുന്നു';മുഖ്യമന്ത്രിയെ പരിഹസിച്ച് MBരാജേഷ്
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി എം ബി രാജേഷ്. അധികാരത്തിലെത്തി ഒരു മാസമായപ്പോഴേക്കും ഒരു ഡസന്‍ വിസ്മയങ്ങള്‍ നടന്നെന്ന് അദ്ദേഹം പരിഹസിച്ചു. 12 ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എം ബി രാജേഷിന്റെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എം ബി രാജേഷിന്റെ വിമര്‍ശനം.

വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന പ്രഖ്യാപനം മുതല്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് വരെയുള്ള കാര്യങ്ങളാണ് എം ബി രാജേഷ് കുറിച്ചിരിക്കുന്നത്. 'മുഖ്യമന്ത്രിയായി ആദ്യ ബജറ്റില്‍ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കി. മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേര്‍ത്തു. ഒരു മാസം ഒരു ഡസന്‍ യൂടേണ്‍. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശന്‍ നിലപാടുകളുടെ രാജകുമാരന്‍. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോള്‍ യു ടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കി ? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നു', എം ബി രാജേഷ് പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു മാസം, ഒരു ഡസന്‍ വിസ്മയങ്ങള്‍


വിഡിയായി, പിന്നെ പൂക്കിയായി. ഇപ്പോള്‍ ആരായി?

*വാഹന മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന പ്രഖ്യാപനത്തില്‍ യൂടേണ്‍- ജെന്‍സികളെ പറ്റിച്ചു.

*പി എം ശ്രീയില്‍ യൂടേണ്‍- ജനങ്ങളെയാകെ വഞ്ചിച്ചു.

*ആദ്യ ബജറ്റില്‍ തന്നെ ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്ന പ്രഖ്യാപനത്തില്‍ യൂടേണ്‍- പെന്‍ഷന്‍കാരെ കബളിപ്പിച്ചു.

*സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബജറ്റില്‍ വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പ്രഖ്യാപനം. യൂടേണ്‍- കയ്യടിച്ച എന്‍ ജി ഒ അസോസിയേഷന്‍കാരെ വിഡ്ഢികളാക്കി.

*കേരളം കടം കയറി മുടിഞ്ഞുവെന്നും കടം കുറയ്ക്കുമെന്നും അവകാശവാദം. യൂടേണ്‍- കഴിഞ്ഞ ബജറ്റിനേക്കാള്‍ 1000 കോടി കൂടുതല്‍ കടം ഈ ബജറ്റില്‍. നിങ്ങളെടുത്താല്‍ കടം ഞങ്ങളെടുത്താല്‍ പണം.

*25000 കോടി നികുതി കുടിശിക കിട്ടാനുണ്ടെന്നും അത് പിരിച്ച് ഖജനാവ് നിറയ്ക്കുമെന്നും പറഞ്ഞു. യൂടേണ്‍- 2 ലക്ഷം വരെയുള്ള നികുതി കുടിശിക മുഴുവന്‍ ഒഴിവാക്കി കൊടുത്തു. വാക്കിന് വിലയില്ലെന്ന് തെളിയിച്ചു.

*സ്വര്‍ണത്തില്‍ നിന്ന് 15000 കോടി രൂപ നികുതി പിരിക്കും. യൂടേണ്‍- ബജറ്റില്‍ മിണ്ടാട്ടമില്ല. പഴയ തള്ള് മറന്നു.

*ഐജിഎസ്ടിയില്‍ നിന്ന് 25000 കോടി അധികം സമാഹരിക്കും. യൂടേണ്‍- ബജറ്റില്‍ സമ്പൂര്‍ണ്ണ മൗനം.

*പെട്രോളിയം അധിക നികുതി കുറയ്ക്കുമെന്ന് പറഞ്ഞു. യൂടേണ്‍- ഇപ്പോള്‍ ചോദിക്കുമ്പോള്‍ കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്. 1190 കോടി സര്‍ക്കാരിന് ലാഭം, ജനങ്ങള്‍ക്ക് ഭാരം.

*തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് കൂടുതല്‍ നല്‍കുമെന്ന് പറഞ്ഞു. യൂടേണ്‍- ഈ ബജറ്റില്‍ 1534 കോടി കുറവ്.

*സ്ത്രീകള്‍ക്ക് ഏത് ബസിലും എവിടേക്കും- വിനോദയാത്രക്കോ തീര്‍ഥയാത്രക്കോ ഒക്കെ- സൗജന്യമായി യഥേഷ്ടം സഞ്ചരിക്കാമെന്ന വാഗ്ദാനം. യൂടേണ്‍- സൗജന്യം ഓര്‍ഡിനറിയില്‍ മാത്രമാക്കി കണ്ണില്‍ പൊടിയിട്ടു.

*വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയാല്‍ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ നിലപാട്. യൂടേണ്‍- മുഖ്യമന്ത്രിയായി ആദ്യ ബജറ്റില്‍ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കി.

മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേര്‍ത്തു. ഒരു മാസം ഒരു ഡസന്‍ യൂടേണ്‍. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശന്‍ നിലപാടുകളുടെ രാജകുമാരന്‍. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടശ്ശേരി ദാമോദര മേനോന്‍ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോള്‍ യു ടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കി ? വിസ്മയങ്ങളെത്ര കാണാനിരിക്കുന്നു.

Content Highlights: Former Minister M. B. Rajesh has come out against Chief Minister V. D. Satheesan

dot image
To advertise here,contact us
dot image