

പത്തനംതിട്ട: ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി വിനോദ് കുമാര്‍ കുറ്റം സമ്മതിച്ചെന്ന് പത്തനംതിട്ട എസ്പി ആനന്ദ് ആര്‍. പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്നും മരണകാരണം ഇന്‍ക്വസ്റ്റിനും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷമേ വ്യക്തമാവുകയുളളുവെന്നും എസ്പി പറഞ്ഞു. പ്രതി ബലാത്സംഗം ചെയ്തതായി സമ്മതിച്ചിട്ടില്ലെന്നും തെളിവെടുപ്പ് ഇന്നും നാളെയുമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെക്കുറിച്ചുളള വിവരം നാട്ടുകാരില്‍ നിന്നും വനംവകുപ്പില്‍ നിന്നുമാണ് ലഭിച്ചതെന്നും എസ്പി ആനന്ദ് വ്യക്തമാക്കി.
ഗവിയിൽ അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാറിനെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ബലാത്സംഗം, ചെയ്തിട്ടില്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ദൃക്‌സാക്ഷി പൊലീസിന് നല്‍കിയ വിവരമാണ് വഴിത്തിരിവായത്. പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട ഗവി റൂട്ടില്‍ കുമളി ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്‌സാക്ഷി നല്‍കിയ വിവരം. വള്ളക്കടവ് ചെക്ക് പോസ്റ്റില്‍ ബസ് തടഞ്ഞാല്‍ പ്രതിയെ കിട്ടുമെന്നും വിവരം ഇയാള്‍ നല്‍കിയിരുന്നു. നാലു പേര്‍ ചേര്‍ന്ന് യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടു പോയെന്നാണ് പൊലീസിന് ദൃക്‌സാക്ഷി നല്‍കിയ മറ്റൊരു വിവരം. ഗവിയിലെ മീനാര്‍ മൂന്ന് ഷെഡ് വളവില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലായിരുന്നു. 32കാരിയായ യുവതി അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ വസ്ത്രങ്ങള്‍ കീറിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Content Highlights: In the Gavi murder case, the accused has not admitted to rape allegations, police said. Evidence collection is scheduled over two days as the investigation continues.