

പാലക്കാട്: പിഎംശ്രീ ധാരണാപത്രം അംഗീകരിക്കില്ലെന്നും അറബിക്കടലില്‍ എറിയുമെന്നും പറഞ്ഞാല്‍ യുഡിഎഫ് സര്‍ക്കാരിനെ തൂക്കാന്‍ വിധിക്കുമോയെന്ന് പരിഹസിച്ച് എ കെ ബാലന്‍. പദ്ധതിയുമായി മുന്നോട്ടുപോകുന്നില്ലെങ്കില്‍ സഹായം കിട്ടില്ലന്നേയുള്ളൂ. ആ പണം വേണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎംശ്രീ അറബിക്കടലില്‍ എറിയുമെന്നാണ് പ്രതിപക്ഷത്തിരുന്നപ്പോള്‍ കെ എം ഷാജി പറഞ്ഞത്. അറബിക്കടലില്‍ ഇപ്പോള്‍ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നും എ കെ ബാലന്‍ പരിഹസിച്ചു. പി എം ശ്രീ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ല. ബാധ്യത ഉണ്ട് എന്ന് സര്‍ക്കാര്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. എംഒയുവില്‍ ഒപ്പിടുന്നതോടെ ഒരു പദ്ധതി അന്തിമമായി എന്നല്ല. മറിച്ച് പദ്ധതിയുടെ തുടക്കമാണ്. അപ്പോള്‍ തന്നെ അതിന്റെ ഭവിഷ്യത്ത് ഘടകക്ഷിയെന്ന നിലയില്‍ സിപിഐ തുറന്നുകാട്ടിയതോടെ നിര്‍ത്തിവെച്ച് തുടര്‍നടി ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ കത്ത് കൊടുത്തിരുന്നു. ഇത് പരിശോധനയ്ക്കായി ഏഴംഗ കമ്മിറ്റിയെയും രൂപീകരിച്ചിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കെട്ടിപ്പിടിക്കില്ലെന്ന് പറഞ്ഞത് രാഹുല്‍ ഗാന്ധിയിലെ സവര്‍ണ ബോധം കൊണ്ടാണെന്നും എ കെ ബാലന്‍ കടന്നാക്രമിച്ചു. ജാതി ബോധം ഉള്ളത് കൊണ്ടാണ് പിണറായിയെ കെട്ടിപിടിക്കില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. മോദിയെ കെട്ടിപ്പിടിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് കുഴപ്പമില്ല. പിണറായിയെ കെട്ടിപ്പിടിക്കാന്‍ മാത്രമുള്ള പ്രശ്‌നം രാഹുലിന്റെ മനസ്സിന്റെ ഉള്ളിലുള്ള ജാതിബോധമാണെന്നും എ കെ ബാലന്‍ ആവര്‍ത്തിച്ചു.
ആരോഗ്യമന്ത്രി കെ മുരളീധരനെയും എ കെ ബാലന്‍ വിമര്‍ശിച്ചു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് വീണയെ ഇതുപോലെ അപമാനിച്ച രാഷ്ട്രീയ നേതാവ് ഇല്ല. കെ മുരളീധരനാണത്. പ്രതിപക്ഷത്തിരുന്ന് തങ്ങള്‍ പറഞ്ഞതെല്ലാം പച്ച നുണയാണെന്ന് സമ്മതിക്കുന്നതാണ് കെ മുരളീധരന്റെ ഇപ്പോഴത്തെ പ്രസ്താവനകള്‍ എന്നും എ കെ ബാലന്‍ പറഞ്ഞു.
Content Highlights: A. K. Balan has mocked the UDF government amid the PM SHRI scheme controversy, questioning the political reactions surrounding the memorandum of understanding signed for the project.