

കൊല്ലം: പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിനുമിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍വെച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം നടന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടന്നിരുന്നു. ബസില്‍വെച്ച് പായസം വിതരണം ചെയ്യുന്നതിനിടെ കൈ തട്ടി മന്ത്രിയുടെ തലയില്‍ വീഴുകയായിരുന്നു. പിന്നാലെ നിലവിളിയോടെ സീറ്റില്‍ നിന്ന് മന്ത്രി ചാടി എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ തലയില്‍ വീണ പായസം തുടച്ചുമാറ്റി. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.
സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും. കഴിഞ്ഞ ദിവസം ടിക്കറ്റിന്റെ മാതൃക പുറത്തിറക്കിയിരുന്നു.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മെയ് പതിനഞ്ച് മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കവും മറ്റും സത്യപ്രതിജ്ഞാ ചടങ്ങ് വൈകാന്‍ കാരണമായി. മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.
Content Highlights- A minor incident occurred during the inauguration of the Priyadarshini free travel scheme when payasam accidentally spilled on Minister Bindu Krishna amid a large crowd