'സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം'; പ്രിയദർശിനി സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ത്രീ യാത്രികര്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

'സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം'; പ്രിയദർശിനി സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
dot image

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രാവര്‍ത്തികമായിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം പലയിടങ്ങളിലും ഓര്‍ഡിനറി ബസില്‍ സ്ത്രീ യാത്രിരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീ യാത്രികര്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് '0' ടിക്കറ്റ് എടുക്കേണ്ടതാണ്.
  • ഏതെങ്കിലും സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുന്‍പേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.
  • നിങ്ങളുടെ കൂടെ 5 മുതല്‍ 11 വയസ് വരെ ഉള്ള ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പണം നല്‍കിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.
  • പുരുഷന്മാര്‍ കൂടെ ഉണ്ടെങ്കില്‍ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം
  • പുരുഷന്മാര്‍ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കില്‍ കൂടെ വനിതകള്‍ ഉണ്ടെങ്കില്‍ ആ കാര്യം ടിക്കറ്റ് മെഷീനില്‍ എന്റര്‍ ചെയ്യുന്നതിനു മുന്‍പ് പറയുക.
  • സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് നിലവില്‍ ഓര്‍ഡിനറിയില്‍ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
  • സ്ത്രീകള്‍ക്ക് സൗജന്യമുള്ള ഓര്‍ഡിനറി ബസുകള്‍ തിരിച്ചറിയുവാന്‍ 'പ്രിയദര്‍ശിനി' സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടാകും

3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയായിരുന്നു കെഎസ്ആര്‍ടിസി പുറത്തുവിട്ടത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്സുമായിരിക്കും ഇതിന്റെ ഗുണഭോക്താക്കള്‍.

സൗജന്യ യാത്രയ്ക്കായി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുള്‍പ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകള്‍ക്കും സൗജന്യ യാത്ര അനുവദിച്ചതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓര്‍ഡിനറി കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി കണ്‍സെഷന്‍ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും. ഇതിന് പുറമേ സ്റ്റിക്കറും പതിപ്പിക്കും. കഴിഞ്ഞ ദിവസം ടിക്കറ്റിന്റെ മാതൃക പുറത്തിറക്കിയിരുന്നു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പ്രകടന പത്രികയിലും ഇക്കാര്യം ഉള്‍പ്പെടുത്തി. അധികാരത്തിലെത്തിയാല്‍ മെയ് പതിനഞ്ച് മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കവും മറ്റും സത്യപ്രതിജ്ഞാ ചടങ്ങ് വൈകാന്‍ കാരണമായി. മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

Content Highlights- The Kerala government has issued a clarification that women using the KSRTC Priyadarshini free travel scheme must still carry tickets while traveling in ordinary buses

dot image
To advertise here,contact us
dot image