

കോഴിക്കോട്: ഷിഗെല്ലയില്‍ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്.
നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മലപ്പുറത്ത് വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവില്‍ തൃപ്തികരമാണ്. പയ്യോളി സ്വദേശിയായ 9വയസുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്.
110ല്‍ അധികം പേര്‍ക്കാണ് ഈ വര്‍ഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 54 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2025 ല്‍ 132 പേര്‍ക്കാണ് ഷിഗെല്ല രോഗം ബാധിച്ചത്. 2024ല്‍ 121 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2023ല്‍ 90 പേര്‍ക്കും 2022ല്‍ 83 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളില്‍ രോഗസാന്നിധ്യം ഉണ്ടെന്നും ഈ വര്‍ഷത്തേത് അസാധാരണ സാഹചര്യമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
Content Highlights: A fresh fatality has been reported in Kerala linked to Shigellosis, raising concerns over the continued spread of the infection