

ന്യൂഡല്‍ഹി: ജൂണ്‍ എട്ടിന് നടന്ന ഇന്‍ഡ്യാ സഖ്യ യോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ്. അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് രാഹുല്‍ ഗാന്ധി ഇന്‍ഡ്യ സഖ്യ യോഗത്തില്‍ പറഞ്ഞു. സമസ്ത മേഖലകളും ആര്‍എസ്എസും ബിജെപിയും കയ്യടക്കുന്ന ഘട്ടത്തില്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ തലത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാക്കരുതെന്ന സന്ദേശമാണ് രാഹുല്‍ സഖ്യയോഗത്തില്‍ നല്‍കിയത്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്നും ആ സമയത്ത് ഒന്നിക്കാനുളള വഴക്കം പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടാകണമെന്നും രാഹുൽ പറഞ്ഞു.
പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. പിണറായി വിജയനുമായുളള രാഷ്ട്രീയ പോരാട്ടം തുടരുകയാണെന്നും ഇന്‍ഡ്യാ സഖ്യത്തിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ നിലനില്‍പ്പുണ്ട്. ഇന്ത്യ എന്ന ആശയം പ്രതിരോധത്തില്‍ ആകുമ്പോള്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഒന്നിക്കാനുളള വഴക്കം നമുക്ക് ഉണ്ടാകണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നിതീഷ് കുമാര്‍ ഇന്‍ഡ്യാ സഖ്യം വിട്ടത് തന്റെയോ കോണ്‍ഗ്രസിന്റെയോ കുഴപ്പം കൊണ്ടല്ലെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ സ്വീകരിക്കും എന്നും രാഹുല്‍ ഗാന്ധി ഇന്‍ഡ്യാ സഖ്യ യോഗത്തില്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം
'എനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ നിങ്ങളുടെ ഏത് വിമര്‍ശനവും ഞാന്‍ സന്തോഷത്തോടെ അംഗീകരിക്കും. നിങ്ങളെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. കാരണം ഞങ്ങളുടെ ഉത്തരവാദിത്തം നിങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇത് അഹങ്കാരത്തോടെ പറയുന്നതല്ല. നിങ്ങളെല്ലാവരെയും ഒന്നിച്ചു ചേര്‍ത്ത് പിടിക്കുക എന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം.
ഞാന്‍ 2004 മുതല്‍ എംപിയാണ്. ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത് വളരെയധികം വിനയത്തോടെയാണ് ഞാന്‍ പറയുന്നത്. കാരണം കോണ്‍ഗ്രസ് പാര്‍ട്ടി ആധുനിക ഇന്ത്യ രൂപപ്പെടുന്നതിന് മുന്‍പ് ഒരു പ്രതിരോധ പ്രസ്ഥാനമായാണ് രൂപീകൃതമായത്. ഇന്ത്യാ മഹാരാജ്യത്തിന്റെ സംരക്ഷണമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത കാലത്താണ് ഈ പാര്‍ട്ടിയുണ്ടായത്. എല്ലാ ഇന്ത്യക്കാരും തുല്യരാണ് എന്ന ആശയം സംരക്ഷിക്കാനാണ് കോണ്‍ഗ്രസുണ്ടായത്.
ആര്‍എസ്എസിന്റെ ആശയങ്ങളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ആര്‍എസ്എസുമായോ ബിജെപിയുമായോ വിട്ടുവീഴ്ച്ച ചെയ്യണമെങ്കില്‍ ഞങ്ങള്‍ മരിക്കണം. അവരുമായി സന്ധി ചെയ്യണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ തല വെട്ടിക്കളയേണ്ടി വരും. തല പോയാലും ഞങ്ങള്‍ ആര്‍എസ്എസിന് മുന്നില്‍ തല കുനിക്കില്ലെന്ന് രാജ്യത്തെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയും.
ഇന്ത്യാ സഖ്യത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പങ്ങളുണ്ട്. സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ജെഡിയും കരുതുന്നത് നിങ്ങള്‍ ഇതുവരെ പ്രയോഗിച്ചിരുന്ന രാഷ്ട്രീയ രീതികള്‍ ഇപ്പോഴും വര്‍ക്കാവും എന്നാണ്. എന്നാല്‍ പഴയ സാഹചര്യമല്ല ഇന്ന്. ബിജെപി ഇന്ന് ബ്യൂറോക്രസിയും നിയമവ്യവസ്ഥയും ഇന്റലിജന്‍സ് ഏജന്‍സികളും തെരഞ്ഞെടുപ്പ് കമ്മീഷനും ഉള്‍പ്പെടെ സമസ്ത മേഖലകളും കയ്യടക്കിയിരിക്കുകയാണ്.
എന്നോട് തൃണമൂല്‍ കോണ്‍ഗ്രസിലെ ചില സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു അവര്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്ന്. പക്ഷെ ഞാനവരോട് പറഞ്ഞു നിങ്ങള്‍ സ്വപ്‌നലോകത്താണ് എന്ന്. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഹരിയാനയിലും മഹാരാഷ്ട്രയിലും കണ്ടതാണ്. പക്ഷെ അത് നിങ്ങളില്‍ പലര്‍ക്കും ഇപ്പോഴും ബോധ്യമായിട്ടില്ല.
അവര്‍ പിടിമുറുക്കുന്തോറും കോണ്‍ഗ്രസ് ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടും. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ തന്നെയാണ് നമ്മളെല്ലാവരും പങ്കിടുന്നത്. സത്യം, അഹിംസ, സഹാനുഭൂതി, കരുണ എന്നിവയാണ് അവ. നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം എന്താണ്? എനിക്ക് നിങ്ങളോട് വഴക്കിടാന്‍ കഴിയില്ല. കാരണം നിങ്ങള്‍ എന്റെ സഖ്യകക്ഷികളാണ്. നിങ്ങള്‍ എന്റെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ സ്‌നേഹിക്കുന്നവരാണ് നിങ്ങള്‍.2024-ലെ തെരഞ്ഞെടുപ്പ് നമ്മള്‍ വിജയിച്ചതാണ്. നമ്മള്‍ ആ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ സഖ്യം വിട്ടതെന്ന് നിങ്ങള്‍ ചോദിച്ചു. ഞാനല്ല അതിന് കാരണം. കോണ്‍ഗ്രസ് പാര്‍ട്ടിയുമല്ല. ബിജെപിയും ആര്‍എസ്എസും എല്ലായിടത്തും പിടിമുറുക്കുകയാണ്.
നൂറുവര്‍ഷം മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടി ഇതേ സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. 1927-ന് മുന്‍പ് ഞങ്ങള്‍ ഒരു രാഷ്ട്രീയ സംഘടനയായിരുന്നു. നമുക്ക് സ്വാതന്ത്ര്യം വേണമെന്ന് ഗാന്ധിജി പറഞ്ഞ ദിവസം ഞങ്ങള്‍ പ്രതിരോധ പ്രസ്ഥാനമായി മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റെന്തിനാണ് സാധിക്കുക? പ്രതിരോധത്തിന് കഴിയും. എവിടെയെല്ലാം പ്രതിരോധമുണ്ടോ അവിടെയെല്ലാം അത് പ്രാവര്‍ത്തികമാകും. ഞാനത് കണ്ടതാണ്. ഈ രാജ്യത്ത് 4,000 കിലോമീറ്റര്‍ നടന്ന് ഞാനത് കണ്ടതാണ്. പ്രതിരോധം വര്‍ക്കാവും. ബ്യൂറോക്രസിയും നിയമസംവിധാനങ്ങളുമൊന്നും വേണ്ട. അനീതിയെ അംഗീകരിക്കരുത്. അത് അവസാനിപ്പിക്കണം. നമ്മള്‍ അതാണ് ചെയ്യേണ്ടത്.
നമ്മുടെ ചിന്താഗതി മാറണം. നമ്മള്‍ പരസ്പരം പോരടിക്കരുത്. നമ്മെ ആക്രമിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഒരു അവസരം നല്‍കരുത്. നമ്മള്‍ അത് പ്രതിരോധിക്കണം. അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കുക എന്നതാണ് വെല്ലുവിളി എന്നായിരിക്കാം നിങ്ങള്‍ ചിന്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് അവര്‍ വിജയിച്ചുകഴിഞ്ഞു. അത് മനസിലാക്കൂ. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ആര്‍എസ്എസ് പിടിച്ചടക്കിക്കഴിഞ്ഞു. ഇവിടെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കില്ല. അവിടെയാണ് നമ്മള്‍ പ്രതിരോധത്തിന്റെ രീതിയിലേക്ക് പോകേണ്ടത്. സിബിഎസ്‌സിയാണ് പ്രതിരോധം. നീറ്റ് പരീക്ഷയിലാണ് പ്രതിരോധം. നികോബാറിലേക്ക് പോകുന്നതാണ് പ്രതിരോധം. ഭാരത് ജോഡോ യാത്രയാണ് പ്രതിരോധം. അത് നടക്കും.
എന്ത് വിമര്‍ശനവും ഞാന്‍ സ്വീകരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇത് മതപരമായ കടമയാണ്, ആത്മീയമായ കടമയാണ്. ഇത് ഇനി രാഷ്ട്രീയമല്ല. ഈ സഖ്യത്തെ ഒന്നിച്ച് കൊണ്ടുപോകാനായി സഹിക്കേണ്ടിവരുന്ന ഏത് അപമാനവും ഞാന്‍ സഹിക്കും. മമതാ ബാനര്‍ജിക്ക് 90 ശതമാനം ഉറപ്പുണ്ട് ആ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടായെന്ന്. ഉദ്ധവ് താക്കറെ ജീയ്ക്ക് 40 ശതമാനം ഉറപ്പാണ്. എന്റെ സഹോദരന്‍ തേജസ്വിയ്ക്ക് 40 ശതമാനം ഉറപ്പാണ്. ഞാന്‍ പറയുന്ന് കേള്‍ക്കൂ. തെരഞ്ഞെടുപ്പുകള്‍ 100 ശതമാനവും നിങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. മനസിലുളള സംശയങ്ങളെല്ലാം മാറ്റിവയ്ക്കൂ.
സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന പിന്തുണ കണ്ട് അത് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും നിയമവ്യവസ്ഥയും ഇന്റലിജന്‍സ് ഏജന്‍സികളും എല്ലാം ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണ് ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്താന്‍. പക്ഷെ ഈ സര്‍ക്കാര്‍ നിലനില്‍ക്കില്ല. കാരണം ഈ സര്‍ക്കാര്‍ നമ്മുടെ ജനാധിപത്യത്തെ തകര്‍ത്തവരാണ്. ഇന്ത്യന്‍ ജനതയുടെ ഭാവിയെ നശിപ്പിച്ചവരാണ്.
നമ്മള്‍ തമ്മില്‍ യോജിപ്പില്ലെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകില്ലെന്നും ഉളള ചിന്ത മാറ്റിവയ്ക്കൂ. അത് ബിജെപിയും അവരുടെ സുഹൃത്തുക്കളായ മാധ്യമങ്ങളും ഉണ്ടാക്കുന്ന പ്രതീതിയാണ്. അത് സത്യമല്ല. എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. ഇന്ത്യ പ്രതിരോധത്തിലാകുമ്പോള്‍ സംരക്ഷിക്കാന്‍ ഡിഎംകെ ഉള്‍പ്പെടെ നമ്മളെല്ലാവരും ഉണ്ടാകും. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയെ പോയി ആലിംഗനം ചെയ്യാന്‍ പറഞ്ഞാന്‍ ഞാനത് ചെയ്യില്ല. എനിക്ക് അതിന് കഴിയില്ല. കാരണം ഞാന്‍ അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ്. പ്രതിപക്ഷം ദുര്‍ബലരാണെന്നും അസംഘടിതരാണെന്നുമുളള പ്രതീതിയുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നാം മനസിലാക്കണം.
നമ്മുടെ ചര്‍ച്ചകളില്‍ തന്നെ വിഷാദത്തിന്റെ നിഴലുണ്ട്. ദൈവമേ നമ്മളെങ്ങനെ ബിജെപിയെ തോല്‍പ്പിക്കും എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. നമ്മളൊന്നിച്ച് നിന്ന് പ്രതിരോധിച്ചാല്‍ അത് എളുപ്പമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാനൊഴികെ നമുക്കിടയില്‍ ഒരാള്‍ പോലും ബിജെപിയെ പരാജയപ്പെടുത്താനാകും എന്ന് വിശ്വസിച്ചില്ല. ഇപ്പോള്‍ മുതല്‍ എല്ലാവരും നമ്മള്‍ അവരെ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്ന് വിശ്വസിക്കാന്‍ തുടങ്ങണം. ആ വിശ്വാസത്തില്‍ നിന്ന് നമുക്ക് തുടങ്ങാം. ഞാന്‍ ഉറപ്പുതരികയാണ്, സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്ക്, തെരഞ്ഞെടുപ്പുകളില്‍ നിന്ന് തെരഞ്ഞെടുപ്പുകളിലേക്ക് അവര്‍ ചതിയും വഞ്ചനയും ചെയ്താലും ഇല്ലെങ്കിലും അവര്‍ വീഴും.
Content Highlights: 'When the idea of India is under attack, the opposition should unite': Rahul Gandhi at India Alliance meeting