പാരിയത്തുകാവ്: 'ഉടമയെന്ന് കോടതി വിധിച്ച കുടുംബത്തിന് അനുകൂലമായി മന്ത്രി നിലപാട് എടുക്കുന്നു'; സമരസമിതി

പ്രശ്‌നത്തിന് പരിഹാരം കാണാതെ പൊലീസിനെ ഉപയോഗിച്ച് ഇറക്കി വിടാനാണ് നീക്കമെന്ന് സമരസമിതി

പാരിയത്തുകാവ്: 'ഉടമയെന്ന് കോടതി വിധിച്ച കുടുംബത്തിന് അനുകൂലമായി മന്ത്രി നിലപാട് എടുക്കുന്നു'; സമരസമിതി
dot image

കൊച്ചി: പാരിയത്തുകാവ് ഭൂപ്രശ്‌നത്തില്‍ സ്ഥലമുടമയെന്ന് കോടതി വിധിച്ച ശങ്കരന്‍ നായരുടെ കുടുംബത്തിനും സര്‍ക്കാരിനുമെതിരെ സമരസമിതി. ശങ്കരന്‍ നായരുടെ കുടുംബത്തിന് അനുകൂലമായാണ് മന്ത്രി അടക്കമുള്ളവര്‍ നിലപാട് എടുക്കുന്നതെന്ന് സമരസമിതി പറഞ്ഞു. കോടതി അനുവദിച്ച സമയം 16ന് അവസാനിക്കും. അതുവരെ പ്രശ്‌നത്തിന് പരിഹാരം കാണാതെ പൊലീസിനെ ഉപയോഗിച്ച് ഇറക്കി വിടാനാണ് നീക്കമെന്ന് സമരസമിതി ആരോപിച്ചു.

'മൂന്ന് തവണ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം നടന്നു. ഇന്നലെ യോഗത്തില്‍ എത്തിയപ്പോഴാണ് മാറ്റിവച്ചു എന്ന് അറിഞ്ഞത്. ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് മറ്റ് ഭൂമിയുണ്ടെന്നത് ആരോപണം മാത്രം. അങ്ങനെയൊരു ഭൂമിയുള്ളതായി അറിയില്ല', സമരസമിതി പറഞ്ഞു. പ്രശ്‌നപരിഹാരത്തിനെത്തുന്നു എന്ന ഘട്ടത്തിലാണ് ഇന്നലെ വിളിച്ച യോഗത്തില്‍ നിന്നും ശങ്കരന്‍ നായരുടെ കുടുംബം പിന്മാറിയത്.

Also Read:

ഇന്നലെ രാത്രിയായിരുന്നു കളക്ടറേറ്റില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുടുംബം പിന്മാറിയതോടെ ചര്‍ച്ച നടത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുകയായിരുന്നു. ഇനി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടാണ് കുടുംബം സ്വീകരിച്ചത്. ഇതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സമരസമിതി ആരോപിക്കുന്നത്.

അതേസമയം പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. ഇരു കൂട്ടര്‍ക്കും ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കണം. ഇരു വിഭാഗങ്ങളും വിട്ടുവീഴ്ച ചെയ്യണമെന്നും റോജി എം ജോണ്‍ പറഞ്ഞു. സര്‍ക്കാര്‍ നിഷ്പക്ഷമായി ഇടപെടും. മുന്‍ സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read:

മെയ് 20ന് രാവിലെ എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ എത്തിയതോടെയാണ് പാരിയത്തുകാവ് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രശ്നം വഷളായത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കാന്‍ പൊലീസും അധികൃതരുമെത്തിയത്. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷന്‍ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതായി പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തില്‍ പലര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയില്‍ മുന്‍പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.

പിന്നാലെ പാരിയത്തുകാവിലെ കുടിയൊഴിപ്പിക്കലില്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി മെയ് 25ന് നിര്‍ദേശിച്ചിരുന്നു. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടതെന്നും കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെടുകയായിരുന്നു അന്ന് സര്‍ക്കാര്‍. ആ സമയം ഈ മാസം 16ന് അവസാനിക്കും.

Content Highlights: Following a court ruling recognizing Shankaran Nair as the landowner in the Pariyathukavu land dispute, the protest committee has launched opposition against both the family and the government.

dot image
To advertise here,contact us
dot image