

മലയാളി താരം സ്വാസിക തമിഴിലും മികച്ച സിനിമകളുടെ ഭാഗമാവുകയാണ്. വിജയ് ആന്റണിയുടെ നായകനാകുന്ന നൂറു സ്വാമി എന്ന ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ശശിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിനിടെ നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംവിധായകന്‍ മിഷ്‌കിന്‍ സ്വാസികയുടെ കാല്‍തൊട്ടു വണങ്ങിയതാണ് ആ സംഭവം. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം അതിഥിയായി എത്തിയതായിരുന്നു മിഷ്‌കിന്‍. വിജയ് ആന്റണി, സ്വാസിക എന്നിവരെ മിഷ്‌കിന്‍ പ്രത്യേകം അഭിനന്ദിച്ചു.
'ഈ ചിത്രത്തിലെ നായികാവേഷം സ്വാസിക മനോഹരമാക്കി. ഇതുപോലെ തന്നെ സ്വാധീനിച്ച ഒരു അഭിനേതാവ് കുറേ നാളുകള്‍ക്കു ശേഷമാണ് ഉണ്ടാകുന്നത്. അത്രമേല്‍ ആത്മാര്‍ത്ഥതയോടെയാണ് അവര്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വാസിക ആ കഥാപാത്രത്തിനുവേണ്ടി തന്റെ രക്തവും ആത്മാവും നല്‍കി'യെന്നും മിഷ്‌കിന്‍ പറഞ്ഞു. സംസാരം പൂര്‍ത്തിയാക്കി സദസിലേക്കിറങ്ങിച്ചെന്ന അദ്ദേഹം ആദ്യം വിജയ് ആന്റണിയെ ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മിഷ്‌കിന്‍ സ്വാസികയുടെ കാലില്‍ വീണു. ഒരുനിമിഷം അമ്പരന്ന സ്വാസിക അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പിക്കുകയും തിരിച്ച് കൈകൂപ്പി വണങ്ങുകയും നല്ല വാക്കുകള്‍ക്ക് നന്ദി പറയുകയും ചെയ്തു.
സംവിധായകന്‍ ശശിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എത്ര പ്രശസ്തിയിലെത്തിയാലും ഓസ്‌കര്‍ പുരസ്‌കാരം വാങ്ങിയെന്നു പറഞ്ഞാലും ഒരു നാള്‍ മരണം നമ്മെ കീഴ്‌പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നൂറു സാമി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അങ്ങനെയല്ല, ദൈവമാണ് അദ്ദേഹം. ഒരിക്കല്‍ ഒരു കഥയെഴുതി അദ്ദേഹം തന്നെ വിളിച്ച് അതൊന്ന് കേള്‍ക്കാമോ എന്ന് ചോദിച്ചു. മുപ്പതിലേറെ വര്‍ഷം അനുഭവ സമ്പത്തുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തിന്റെ പഴയ അസിസ്റ്റന്റിനോട് ഈ കഥയൊന്ന് കേള്‍ക്കുമോ എന്ന് ചോദിക്കുകയാണ്. ശശിയല്ലാതെ മറ്റാരും ഇങ്ങനെ ചെയ്യില്ലെന്നും മിഷ്‌കിന്‍ പറഞ്ഞു.
Content Highlights: Mysskin says Swasika is an actress who gave her blood and soul to the character