

കാസർകോട്: ഐജ മഹേഷിന്റെ മരണത്തില്‍ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനെതിരെ ഡിവൈഎഫ്‌ഐ. വിദ്യാര്‍ത്ഥിനിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്താണ് പള്ളിക്കര സ്വദേശിനിയായ വിദ്യാര്‍ഥിനി ഐജ മഹേഷ് ആത്മഹത്യ ചെയ്തത്. ജൂണ്‍ രണ്ടിന് പാല ചേര്‍പ്പുങ്കലിലെ ഹോസ്റ്റലില്‍ വെച്ച് ഉച്ചയ്ക്ക് 12.45 ഓടെ സഹപാഠികളാണ് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍തന്നെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചേര്‍പ്പുങ്കലിലെ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ജൂണ്‍ മൂന്നിന് ഉച്ചയ്ക്കാണ് ഐജ മരണത്തിന് കീഴടങ്ങിയത്.
വിദ്യാർഥിനിയുടെ മരണത്തിൽ കോച്ചിങ് സെന്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. സ്ഥാപനത്തിൽ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് ഐജയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണവിവരം അറിയിക്കുന്നതിൽ വരുത്തിയ കാലതാമസവും ബന്ധുക്കൾ എത്തുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതും വലിയ രീതിയിലുള്ള സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിൽ ഐജയുടെ നാടായ കാസര്‍കോട് ശക്തമായ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തിയിരുന്നു.
Content Highlights: DYFI has raised allegations and demanded clarification in connection with the death of IG Mahesh