നൈറ്റ് ക്ലബ്ബിലെ അടിപിടി; ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കി

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെയും താരത്തിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്താക്കി
dot image

ഇംഗ്ലണ്ട് - ന്യൂസിലാൻഡ് ടെസ്റ്റ് മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ടെസ്റ്റ് വിജയത്തിന് പിന്നാലെ ലണ്ടനിലെ നൈറ്റ് ക്ലബ്ബിലുണ്ടായ അടിപിടിൽ നടപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെയും താരത്തിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ്. ഇതോടെ ന്യൂസിലാൻഡിന് എതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇരുവർക്കും കളിക്കാനാകില്ല. ജൂൺ 17ന് ലണ്ടനിലെ ഓവലിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ മുൻ നായകൻ ജോ റൂട്ട് ആയിരിക്കും ഇംഗ്ലണ്ട് ടീമിനെ നയിക്കുക. 2017 മുതൽ 2022 വരെ ഇംഗ്ലണ്ടിനെ നയിച്ച ജോ റൂട്ട് ടീമിനെ ഏറ്റവും കൂടുതൽ തവണ ടെസ്റ്റുകളിൽ നയിച്ച നായകന്‍ കൂടിയാണ്. 64 ടെസ്റ്റ് മത്സരങ്ങളിലാണ് ജോ റൂട്ട് ടീമിനെ നയിച്ചിട്ടുള്ളത്. വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, തന്റെ നായകസ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ചും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും സ്റ്റോക്സ് ആലോചിക്കുന്നതായി നേരത്തെ ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുൻപ് ഇംഗ്ലണ്ട് ടീമിന്റെ ഓസ്‌ട്രേലിയൻ പര്യടനത്തിനിടയിലും ഇംഗ്ലണ്ട് ടീമിലെ അമിത മദ്യപാന സംസ്കാരം വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.

ഒന്നാം ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡിനെ 115 റൺസിനായിരുന്നു ഇംഗ്ലണ്ട് തോൽപ്പിച്ചത്. അതിന് പിന്നാലെയാണ് ടീം മാനേജ്‌മെന്‍റിന്‍റെ നിര്‍ദേശം ലംഘിച്ച് സ്റ്റോക്സും അറ്റ്കിൻസണും ചെൽസിയിലെ 'റെക്സ് റൂംസ്' നൈറ്റ് ക്ലബ്ബിൽ എത്തിയത്. ഇവിടെ വച്ച് പ്രമുഖ റഗ്ബി ക്ലബ്ബായ സാരസെൻസിന്റെ സാമോവൻ താരം ടോട്ടോവ ഔവയുമായി ഇംഗ്ലണ്ട് താരങ്ങൾ വാക്കേറ്റത്തിലാവുകയായിരുന്നു. സംഭവത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും സ്വതന്ത്ര ക്രിക്കറ്റ് റെഗുലേറ്ററും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ബോർഡിന്‍റെ കർശന അന്വേഷണം നേരിടുന്നതിനാലാണ് ഇരുവർക്കും രണ്ടാം ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയതെന്നും ഇസിബി അറിയിച്ചിട്ടുണ്ട്.

Content highlight: Ben Stokes dropped from England team nightclub brawl

dot image
To advertise here,contact us
dot image