കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ജൂണ്‍ 10നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്

കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
dot image

ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്‌കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 8 മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല.

ജൂണ്‍ ആറിന് നടന്ന പ്രതിഷേധത്തില്‍ സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. നീറ്റ് അടക്കമുള്ള പരീക്ഷാ നടത്തിപ്പിൽ വന്ന വീഴ്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ടാണ് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കേയുടെ ആഹ്വാനത്തെ തുടർന്ന് ജന്തർ മന്ദിറിൽ പ്രതിഷേധം നടന്നത്.

Content Highlights: A teacher has been suspended following involvement in a protest associated with the Cockroach Janata Party

dot image
To advertise here,contact us
dot image