

ആലപ്പുഴ: മൈക്രോഫിനാന്‍സ് കേസുകളില്‍ അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിര്‍ണായക മൊഴികള്‍ ശേഖരിച്ച് വിജിലന്‍സ് സംഘം. അവയില്‍ സുപ്രധാനമായ ചില വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. പാവപ്പെട്ടവര്‍ക്ക് മൂന്ന് ശതമാനം പലിശക്ക് വായ്പ നല്‍കാനുള്ള മൈക്രോഫിനാന്‍സ് ഫണ്ട്, വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശപ്രകാരം വകമാറ്റി ചെലവഴിച്ചതാണ് ഇതില്‍ പ്രധാനം. ഇക്കാര്യത്തില്‍ പൊലീസില്‍ നിര്‍ണായക മൊഴി നല്‍കിയ ആളാണ് തിരൂര്‍ എസ്എന്‍ഡിപി യൂണിയന്‍ മുന്‍ ഭാരവാഹി വിജയകുമാര്‍. റിപ്പോര്‍ട്ടറിനോടും അദ്ദേഹം നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്.
വെള്ളാപ്പള്ളി പറയുന്നത് കേട്ട്, മൈക്രോഫിനാന്‍സ് ഫണ്ടുകള്‍ സ്വന്തം പേരില്‍ വാങ്ങുന്നത് ഭാവിയില്‍ കുരുക്കാകുമെന്ന് തിരിച്ചറിഞ്ഞ് എസ്എന്‍ഡിപി ഭാരവാഹിത്വം തന്നെ താന്‍ രാജിവെച്ചെന്നാണ് വിജയകുമാര്‍ പറഞ്ഞത്. വെള്ളാപ്പള്ളിയുടെ പീഡനം കാരണം ജീവനൊടുക്കിയ കെ കെ മഹേശന്റെ അനുഭവം തനിക്കും ഉണ്ടായേക്കാമായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.
മൈക്രോഫിനാന്‍സ് വായ്പ വെള്ളാപ്പള്ളിക്ക് വേണ്ടപ്പെട്ടവര്‍ക്ക് നല്‍കാന്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയത് വിജിലന്‍സ് മുന്‍പേ കണ്ടെത്തിയെന്നും വിജയകുമാര്‍ പറഞ്ഞു. തന്റെ ഒപ്പ് ഇല്ലാതെയുള്ള വ്യാജരേഖകളാണ് വായ്പ അനുവദിച്ചുകൊണ്ടുള്ള പല ഫയലുകളിലും ഉള്ളതെന്നും വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം വിജയകുമാര്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.
മുമ്പെങ്ങും ഉണ്ടാകാത്ത പ്രതിസന്ധിയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ കാത്തിരിക്കുന്നത്. നൂറിലേറെ മൈക്രോഫിനാന്‍സ് കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവയില്‍ നാലിലെങ്കിലും പത്ത് ദിവസത്തിനുള്ളില്‍ കുറ്റപത്രം കൊടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എല്ലാത്തിലും വെള്ളാപ്പള്ളി നടേശന്‍ പ്രതിസ്ഥാനത്ത് വരും. ഇതിന്റെ ഭാഗമായാണ് വിജയകുമാര്‍ അടക്കം പത്തോളം സുപ്രധാന സാക്ഷികളുടെ മൊഴികള്‍ അവസാനഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ആറുവര്‍ഷം മുന്‍പ് 2020 ജൂണ്‍ 24നാണ് എസ്എന്‍ഡിപി യോഗം കാണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ മഹേശന്‍ ജീവനൊടുക്കിയത്. സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ കുറഞ്ഞ പലിശക്ക് നല്‍കുന്ന വായ്പകള്‍ എടുത്ത ശേഷം, എസ്എന്‍ഡിപി യൂണിയനുകള്‍ അത് അംഗങ്ങള്‍ക്ക് കൂടിയ നിരക്കില്‍ നല്‍കിയതാണ് മൈക്രോഫിനാന്‍സ് കേസുകള്‍ക്ക് ആധാരം. വായ്പ നല്‍കാതെ നിര്‍ധന സ്ത്രീകളുടെ പേരില്‍ വ്യാജരേഖകള്‍ കാണിച്ച് വന്‍ തുകകള്‍ തട്ടിയെടുത്തു എന്ന കേസുകളും ഇതിലുണ്ട്.
മൈക്രോഫിനാന്‍സ് പദ്ധതികളുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയിരുന്ന കെ കെ മഹേശന്‍ അക്കാരണം കൊണ്ട് തന്നെ പ്രതിയായി. എന്നാല്‍ പ്രതിപ്പട്ടികയില്‍ ആദ്യസ്ഥാനത്ത് എത്തിയ വെള്ളാപ്പള്ളിയും സംഘവും ഒത്തുകളിച്ച് തന്നെ മാത്രം കുരുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആശങ്കപ്പെട്ടാണ് മഹേശന്‍ ജീവനൊടുക്കിയത്. ആറുവര്‍ഷം എത്തുമ്പോള്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് ഈ കേസ് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പുതിയ അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നേരത്തെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് വി എം സുധീരന്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ അത് പരിഗണിക്കപ്പെട്ടിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സുധീരന്‍ വീണ്ടും നല്‍കിയ കത്തിലാണ് കേസിന് വീണ്ടും ജീവന്‍വെച്ചിരിക്കുന്നത്.
Content Highlights- A former SNDP office bearer has made serious allegations that microfinance funds were diverted under the direction of Vellappally Natesan