

വിപണിയിൽ ഇടിവ് തുടരുകയാണ്. നിഫ്റ്റി 50 സൂചിക 23,104.40 നിലവാരത്തിൽ ആരംഭിച്ചപ്പോൾ,ബാങ്ക് നിഫ്റ്റി 54,779.65 നിലയിൽ ഇടിവോടെയാണ് തുടങ്ങിയത്. ബിഎസ്‌ഇ സെൻസെക്സ് 0.63% അഥവാ 464 പോയിന്റ് ഇടിഞ്ഞ് 73,518.75 ൽ എത്തി. ഇൻഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഓപ്പണിങ്ങിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ.
ഇതിനിടെ, അമേരിക്ക ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തിയതിനെ തുടർന്ന് എണ്ണവില ഉയർന്നു. ഇതോടെ ഊർജ്ജവിതരണത്തിൽ ദീർഘകാല തടസ്സം ഉണ്ടാകാമെന്ന ആശങ്കയും ശക്തമായി.
ഏഷ്യൻ ഓഹരി വിപണികളും ഇടിവോടെ തുറന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 4.1% ഇടിഞ്ഞപ്പോൾ, ജപ്പാനിലെ നിക്കെയ് 225 2.3% താഴ്ന്നു. ഓസ്‌ട്രേലിയയിലെ S&P/ASX 200 സൂചിക 0.97% ഇടിഞ്ഞുഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, അദാനി എന്റർപ്രൈസസ് എന്നീ ഓഹരികളാണ് നിഫ്റ്റി 50 സൂചികയിൽ തുടക്ക ഘട്ടത്തിൽ നേട്ടം രേഖപ്പെടുത്തിയത്. ഒരു ശതമാനത്തിനു മുകളിൽ വരെയാണ് ഈ ഓഹരികളിലുണ്ടായ മുന്നേറ്റം.
അമേരിക്കൻ വിപണി
അമേരിക്കൻ വിപണികളിൽ കഴിഞ്ഞ ദിവസം കനത്ത ഇടിവാണ് കണ്ടത്. ഇറാന്‍ യുദ്ധവും ചില്ലറവിലക്കയറ്റത്തിലെ കുതിപ്പുമാണു കാരണം. ചിപ് ഓഹരികളുടെ മുന്നേറ്റം തുടരുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല. മെയ് മാസത്തിലെ യുഎസ് ചില്ലറ വിലക്കയറ്റം മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 4.2 ശതമാനത്തില്‍ എത്തി. ഇന്ധന, ഭക്ഷ്യ വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 2.9 ശതമാനമാണ്. ഡൗ ജോണ്‍സ് സൂചിക 953.33 പോയിന്റ്ഇടിഞ്ഞ് 49,918.78ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 119. 66 പോയിന്റ് ഇടിവിൽ 7266. 99 ല്‍ അവസാനിച്ചപ്പോൾ നാസ്ഡാക് കോംപസിറ്റ് സൂചിക 509.32 പോയിന്റ്നഷ്ടത്തോടെ 25,169.50 നിലവാരത്തിലും വ്യാപരം അവസാനിപ്പിച്ചു.
വിദഗ്ദ്ധർ പറയുന്നത്
പശ്ചിമേഷ്യൻ സംഘർഷങ്ങൾ വീണ്ടും ശക്തിപ്രാപിച്ചിരിക്കുകയാണ്. പുതിയ ഏറ്റുമുട്ടലുകൾ കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും 95 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. അമേരിക്കയിലെ പണപ്പെരുപ്പം 4.2% വരെ ഉയർന്നത്, ഫെഡറൽ റിസർവ് പലിശനിരക്കുകൾ വീണ്ടും ഉയർത്താൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നു എന്നാണ് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറയുന്നത്. കൂടാതെ ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ നിലപാടുകളും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെടുന്ന കാര്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ഉണ്ടായാലും, നിരക്കുയർത്തൽ സാധ്യത തള്ളിക്കളയാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ബോണ്ട് യീൽഡുകൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഇത് യു.എസ്. ഓഹരി വിപണിക്ക് നെഗറ്റീവ് സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തന്നെ യു.എസ്. ടെക് ഓഹരികൾ ദുർബലത കാണിച്ചുതുടങ്ങിയിട്ടുണ്ട്, ഇത് അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി വിദേശ സ്ഥാപന നിക്ഷേപകർ (FIIs) ഇന്ത്യയിലെ വിപണികളിലേക്ക് വലിയ രീതിയിൽ തിരിയാനുള്ള സാധ്യത ഇപ്പോൾ കുറവാണെന്നും അദ്ദേഹം വിലയിരുത്തുന്നു.

എഐ ഓഹരികളിൽ വലിയൊരു കറക്ഷൻ സംഭവിച്ചാൽ മാത്രമേ ഈ പ്രവണത മാറാൻ സാധ്യതയുള്ളൂ. അതിനാൽ എഐ ഓഹരികളുടെ ട്രെൻഡുകൾ ശ്രദ്ധിച്ച് നിരീക്ഷിക്കേണ്ടതുണ്ടെന്ന കാര്യം നിക്ഷേപകർ ഓർക്കേണ്ടതുണ്ട്. റിസർവ് ബാങ്കും കേന്ദ്രസർക്കാരും നടത്തിയ നടപടികൾ രൂപയുടെ സ്ഥിരത ഒരു പരിധിവരെ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത് വിപണിയിൽ വലിയ ആവേശം സൃഷ്ടിക്കാൻ മതിയാകുന്നില്ലെന്നും, നിലവിലെ ദുർബലത കുറച്ചുകാലം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Content Highlights:Sensex down 400 pts, Nifty near 23,100: US-Iran worries among key factors behind market decline