

തിരുവനന്തപുരം: സംസ്ഥാന സര്‍വകലാശാലകളിലെ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍. ഒരു തരത്തിലുള്ള കാവിവല്‍ക്കരണത്തോടും സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. എം ജി സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍, സെനറ്റ് തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ കൂടിയാലോചിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ചായകുടിച്ച് ധാരണയുണ്ടാക്കിയതിന്റെ ഫലം അനുഭവിക്കുന്നത് ഇപ്പോഴത്തെ സര്‍ക്കാരാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
റോജി എം ജോണിന്റെ പ്രതികരണം
ഒരുതരത്തിലുമുള്ള കാവിവത്കരണത്തോടും ഈ സര്‍ക്കാരിന് യോജിപ്പില്ല. നമ്മള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് ഇക്കാര്യത്തിലെടുത്ത നിലപാടാണ് ഇപ്പോള്‍ ഭരണപക്ഷത്തിരിക്കുമ്പോഴും ഉള്ളത്. സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യാതൊരുവിധത്തിലുമുള്ള കാവിവല്‍കരണവും ഈ സര്‍ക്കാര്‍ അനുവദിക്കില്ല. അതിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. ഗവര്‍ണര്‍ സര്‍വകലാശാലകളിലെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്താന്‍ തുടങ്ങിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. കേരളത്തിലങ്ങനെ ഒരു ചരിത്രം മുന്‍പെങ്ങും ഉണ്ടായിട്ടില്ല.
എംജി സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നാമനിര്‍ദ്ദേശം ചെയ്തത് ബിജെപി- ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെയായിരുന്നു. 30 അംഗ സെനറ്റില്‍ 19 പേരുടെ പട്ടികയായിരുന്നു ഗവര്‍ണര്‍ പുറത്തിറക്കിയിരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശങ്കരരാമന്‍, എബിവിപി പ്രവര്‍ത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി അധ്യാപക സംഘടനാ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ സിപിഐഎമ്മും എസ്എഫ്‌ഐ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.
Content Highlights: roji m john has strongly criticized the Governor’s interventions in state universities