കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്വകാര്യ ബസ് ഉടമകള്‍

ഒരു ലക്ഷം തൊഴിലാളികളെ സര്‍ക്കാരിന്റെ ഈ തീരുമാനം ബാധിക്കുമെന്ന് സ്വകാര്യ വാഹന ഉടമകൾ

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്വകാര്യ ബസ് ഉടമകള്‍
dot image

പാലക്കാട്: കെഎസ്ആര്‍ടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്വകാര്യ ബസ് ഉടമകള്‍. കെഎസ്ആര്‍ടിസിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പ്രഖ്യാപനം സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുമെന്നും തെക്കന്‍ ജില്ലകളില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കേണ്ടി വരുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ നേതാവ് ടി ഗോപിനാഥ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഒരു ലക്ഷം തൊഴിലാളികളെ സര്‍ക്കാരിന്റെ ഈ തീരുമാനം ബാധിക്കും. മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാളെ തൃശൂരില്‍ വച്ച് അടിയന്തരമായി ബസ് ഉടമകളുടെ സംസ്ഥാന തല യോഗം വിളിക്കും. സ്വകാര്യ ബസ് മേഖലയ്ക്ക് ആശ്വാസകരമായ നിലപാട് സര്‍ക്കാര്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍, സംസ്ഥാനത്തുടനീളം പ്രക്ഷോഭം നടത്തുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

ജൂണ്‍ 15 മുതലാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര നല്‍കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും യാത്ര സൗജന്യമായിരിക്കും. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാകും യാത്രാസൗജന്യം ലഭ്യമാകുക എന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Private bus owners are preparing for protests against the government's decision to introduce free travel for women in KSRTC buses, citing concerns over its impact on the private transport sector.

dot image
To advertise here,contact us
dot image