‘ബാറ്റിങ്ങിനിടെ ആർത്തവം തുടങ്ങി, പാഡ് മാറ്റാൻ വേണ്ടി മത്സരം നിർത്തേണ്ടി വന്നു'; സ്മൃതിയുടെ വെളിപ്പെടുത്തൽ

സ്മ‍ൃതിയുടെ വെളിപ്പെടുത്തൽ വനിതാ താരങ്ങൾ ​ഗ്രൗണ്ടിൽ അനുഭവിക്കേണ്ടി വരുന്ന ശാരീരിക വെല്ലുവിളികളെ സംബന്ധിച്ചുള്ള ചർച്ചകൾക്കും സമൂഹ മാധ്യമങ്ങളിൽ തുടക്കമിട്ടു

‘ബാറ്റിങ്ങിനിടെ ആർത്തവം തുടങ്ങി, പാഡ് മാറ്റാൻ വേണ്ടി മത്സരം നിർത്തേണ്ടി വന്നു';  സ്മൃതിയുടെ വെളിപ്പെടുത്തൽ
dot image

ഒരു ടെസ്റ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങിയെന്നും സാനിറ്ററി പാഡ് മാറ്റാനായി ​ഗ്രൗണ്ടിനു പുറത്തേക്ക് പോകാൻ അനുവദിക്കണമെന്നു അംപയറോട് ചോദിക്കേണ്ട അസാധാരണ അനുഭവം തനിക്കുണ്ടായെന്നും ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ തുറന്നു പറച്ചിൽ.

​ഗ്രൗണ്ടിൽ നിന്നു തനിക്കു പോകേണ്ടി വന്നതോടെ മത്സരം പത്ത് മിനിറ്റിലേറെ സമയം തടസപ്പെട്ടതായും അവർ വ്യക്തമാക്കി. ഇൻസ്റ്റ​ഗ്രാം വിഡിയോയിലൂടെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ. സ്മ‍ൃതിയുടെ വെളിപ്പെടുത്തൽ വനിതാ താരങ്ങൾ ​ഗ്രൗണ്ടിൽ അനുഭവിക്കേണ്ടി വരുന്ന ശാരീരിക വെല്ലുവിളികളെ സംബന്ധിച്ചുള്ള ചർച്ചകൾക്കും സമൂഹ മാധ്യമങ്ങളിൽ തുടക്കമിട്ടു.

'ഞാൻ ഇന്ത്യക്കു വേണ്ടിയാണ് കളിക്കുന്നത് എന്ന ചിന്താ​ഗതിയാണ് പലപ്പോഴും നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ ജേഴ്സി നമ്മൾ ധരിക്കുമ്പോൾ നമ്മെ ഏൽപ്പിച്ച ചുമതലകളോട് പൂർണമായി നീതി പുലർത്തേണ്ടതുണ്ട്. ചിലപ്പോൾ സ്വന്തം ആർത്തവ വേദന പോലും അതിനു തടസമാകാറില്ല. ഒരു പാഡ് ധരിക്കാനായി ​ഗ്രൗണ്ടിനു പുറത്തേക്ക് ഞാൻ ഓടിയത് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വിചിത്രമായ കാര്യമാണ്.'

'അംപയറോട് ഞാൻ കാര്യം പറഞ്ഞതാണ് ഓർക്കുന്നത്. വെളുത്ത വസ്ത്രം ധരിച്ചാണല്ലോ ടെസ്റ്റ് കളിക്കുന്നത്. അതുകൊണ്ടു തന്നെ എന്റെ ആവശ്യത്തോടു നോ പറയാൻ അവർക്ക് മുന്നിലും മറ്റ് വഴികളുണ്ടായിരുന്നില്ല. അവർക്ക് കാര്യം മനസിലാകുകയും ചെയ്തു'- സ്മൃതി വ്യക്തമാക്കി.

കായിക ലോകത്ത് പല വനിതാ താരങ്ങൾക്കും സമാന അനുഭവമുണ്ടാകും. പക്ഷേ ആരും തുറന്നു പറയാറില്ല. പരസ്യമായി അതു ചർച്ച ചെയ്യാറുമില്ല. അതിനിടെയാണ് സ്മൃതിയുടെ തുറന്നു പറച്ചിൽ.

Content highlights:smriti-mandhana-reveals-getting-periods-during-batting-stopped-match

dot image
To advertise here,contact us
dot image