'പ്രിയദര്‍ശിനി', കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര

പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍ജെന്‍ഡറുകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര ലഭ്യമാകും.

'പ്രിയദര്‍ശിനി', കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ജൂണ്‍ 15 മുതല്‍ സൗജന്യയാത്ര
dot image

തിരുവനന്തപുരം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ട്രാന്‍ജെന്‍ഡറുകള്‍ക്കും ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര ലഭ്യമാകും. പ്രിയദര്‍ശിനി എന്ന പേരിലാണ് സൗജന്യയാത്ര നടപ്പിലാക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിക്ക് 750-800 കോടി രൂപയോളം സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്. ഈ തുക സര്‍ക്കാര്‍ നല്‍കും. സ്റ്റേറ്റ് അറ്റോണിയായി അനൂപ് വി നായരെ നിയമിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ആര്‍എസ്എസ് പശ്ചാത്തലമുള്ള ബി അശോകിനെ നിയമിച്ചതില്‍ മുഖ്യമന്ത്രി ന്യായീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ചിട്ടാണോ നിയമനം നടത്തുന്നതെന്ന് സതീശന്‍ ചോദിച്ചു. സര്‍വീസില്‍ ആളുകള്‍ വളരെ കുറവാണ്. പലര്‍ക്കും അഡീഷണല്‍ ചാര്‍ജാണ് നല്‍കുന്നത്. സര്‍ക്കാര്‍ കഷ്ടപ്പെട്ടാണ് നിയമനം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലകളിലെ കാവിവല്‍ക്കരണത്തിലും മുഖ്യമന്ത്രി ന്യായീകരിച്ചു. ഗവര്‍ണര്‍ ആളുകളെ നിയമിക്കാന്‍ തുടങ്ങിയത് തങ്ങള്‍ വന്നതിന് ശേഷമാണോ എന്നാണ് സതീശന്‍ ചോദിച്ചത്. യൂണിവേഴ്‌സിറ്റികളില്‍ ഇത്തരം നിയമനങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇത് പുതിയകാര്യമല്ല. തങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ നടപടിക്രമങ്ങള്‍ നടന്നു. പാനല്‍ കൊടുക്കേണ്ടിയിരുന്നത് കഴിഞ്ഞ സര്‍ക്കാരാണ്. തങ്ങള്‍ വന്ന ഉടന്‍ തന്നെ കാവിവല്‍ക്കരണം തുടങ്ങി എന്നല്ലല്ലോ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ സംഭവം.നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ എളുപ്പമാണ്. എന്നാല്‍ തോറ്റെന്ന് അവര്‍ക്ക് ബോധ്യപ്പെടാന്‍ വലിയ പാടാണ്. എങ്ങനെ തോറ്റു എന്നതിനെ കുറിച്ചൊന്നും ചര്‍ച്ചയില്ല. ബിജെപി യുഡിഎഫിന് വോട്ട് ചെയ്തതുകൊണ്ടാണ് തോല്‍വി എന്നാണ് പറയുന്നത്. നേമത്ത് തങ്ങളുടെ വോട്ട് മറിഞ്ഞതുകൊണ്ടാണ് ബിജെപി ജയിച്ചതെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. അദ്ദേഹത്തിനുള്ള മറുപടി നിയമസഭയില്‍ നല്‍കിയതാണ്. നേമത്ത് തങ്ങളുടെയും അവരുടെയും വോട്ട് കുറഞ്ഞു. കഴക്കൂട്ടത്ത് തങ്ങളുടെ വോട്ട് കൂടി. എന്നാല്‍ സിപിഐഎമ്മിന്റെ വോട്ട് കുറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ വോട്ടാണ് വെള്ളിത്താലത്തില്‍ ബിജെപിക്ക് കൈമാറിയതെന്നും സതീശന്‍ വിമര്‍ശിച്ചു.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും. തങ്ങള്‍ തീരുമാനം എടുക്കാത്ത കാര്യത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. മന്ത്രിസഭയെ പോലും വിശ്വാസത്തിലെടുക്കാതെ ഒപ്പുവെച്ചപ്പോഴാണ് തങ്ങള്‍ ചോദ്യം ചെയ്തത്. സര്‍ക്കാര്‍ തുടര്‍ച്ചയാണ്. പഠിക്കാതെ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഇ ഡി റെയ്ഡ് നടത്തണോ സമന്‍സ് അയയ്ക്കണോ എന്നൊക്കെ പറയാന്‍ സര്‍ക്കാരിന് എന്ത് അധികാരമാണുള്ളത്?. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം. താനും അത് തന്നെയാണ് പറഞ്ഞത്. താന്‍ ആദ്യം പറഞ്ഞു, അവര്‍ രണ്ടാമത് പറയുന്നു എന്നേയുള്ളൂ. രാഷ്ട്രീയമാണെങ്കില്‍ എതിര്‍ക്കാന്‍ സിപിഐഎമ്മിന് അവകാശമുണ്ട്. പക്ഷേ റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ വണ്ടി തല്ലിപ്പൊളിക്കാന്‍ നോക്കിയാല്‍ അനുവദിക്കില്ല. പൊലീസ് ഇടപെടും. സമന്‍സ് അയച്ചപ്പോള്‍ ഇഷ്ടിക കയ്യില്‍ എടുത്തോ എന്നും മുഖ്യമന്ത്രി പരിഹസിച്ചു. അദാനി പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണങ്ങള്‍ സതീശന്‍ പരിഹസിച്ചു തള്ളി. ഗോവിന്ദന്‍ മാഷ് വെറുതെ പറയട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. താന്‍ കണ്ടു എന്ന് പറയുന്ന ആള്‍ ആര്യാടന്‍ മുഹമ്മദിന്റെ അടുത്ത ബന്ധുവാണ്. വിമാനത്താവളത്തില്‍ തന്നെ കണ്ടപ്പോള്‍ വന്ന് സംസാരിച്ചതാണ്. അദാനിയുമായി ബന്ധമുണ്ടാക്കേണ്ട കാര്യമില്ലെന്നും സതീശന്‍ പറഞ്ഞു.

നടന്‍ സലിം കുമാറിന്റെ സംസ്‌കാര ചടങ്ങിനിടെ ഉണ്ടായ സംഭവങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചു. നിയമംകൊണ്ട് നിയന്ത്രിക്കാന്‍ പറ്റുന്ന കാര്യമില്ല അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് ആദരമര്‍പ്പിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. കുടുംബാംഗങ്ങളെ കര്‍മ്മം ചെയ്യാന്‍ പോലും അനുവദിച്ചില്ല. സംഭവത്തില്‍ താന്‍ തന്നെ വളരെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചു. താനാണ് ആദ്യം പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സലിം കുമാര്‍ രോഗബാധിതനായി കഴിഞ്ഞപ്പോള്‍ വലിയ സൈബര്‍ ആക്രമണം നടന്നു. ചത്തുകൂടെ എന്ന് വരെ ചോദിച്ചവരുണ്ട്. മരിച്ചുകഴിഞ്ഞിട്ടും മോശമായ പ്രചാരണം നടന്നു. ആരാണ് ക്യാമ്പെയ്‌ന് പിന്നില്‍ എന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. ഇത് നമ്മുടെ കേരളത്തിന് ചേരുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ മുന്‍ ഓര്‍ഡര്‍ നിലനില്‍ക്കുകയാണ്. അത് പരിശോധിച്ചിട്ടില്ല. പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. സമര ഗേറ്റ് അടച്ചുവെന്ന വാര്‍ത്തകളിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഗേറ്റ് അടക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്‍കിയില്ലെന്ന് സതീശന്‍ പറഞ്ഞു. എല്ലാത്തിനും കൂടി ഒരു സര്‍ക്കാര്‍ ഒരു മാസം കൊണ്ട് തീരുമാനമെടുത്ത് കഴിഞ്ഞാല്‍ എവിടെ പോയി നില്‍ക്കുമെന്നും സതീശന്‍ ചോദിച്ചു. ഇത്രയും വേഗത്തില്‍ തീരുമാനങ്ങള്‍ എടുത്ത ഒരു സര്‍ക്കാരില്ല. 2500 രൂപ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് അഞ്ച് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പറഞ്ഞിരുന്നു. നാല് വര്‍ഷം ഒന്നും ചെയ്തില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് തൊട്ടുമുന്‍പ് നാനൂറ് രൂപ കൂട്ടിക്കൊടുത്തു. അന്നത്തെ മുഖ്യമന്ത്രിയോട് ഇതേപ്പറ്റി ആരെങ്കിലും ചോദിക്കുന്നത് കേട്ടില്ലെന്നും സതീശന്‍ പറഞ്ഞു. മെഡിസെപ് പദ്ധതി പുനപരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: Under the ‘Priyadarshini’ scheme, women and transgender persons will be eligible for free travel on KSRTC services from June 15, says CM V D Satheesan

dot image
To advertise here,contact us
dot image