

കൊച്ചി: നടി അന്‍സിബ ഹസ്സന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ എ ആബിദ് അലി. അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അഡ്ഡ്രസ്സ് ചെയ്യപ്പെടേണ്ടത് തന്നെയാണെന്ന് ആബിദ് അലി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അന്‍സിബയുടെ പരാതിയില്‍ അമ്മ സംഘടന രൂപീകരിച്ച അന്വേഷണ കമ്മീഷനില്‍ ആരോപണ വിധേയയായ വ്യക്തിയെ ഉള്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
'ആരും സ്വന്തം കേസില്‍ ജഡ്ജിയാകരുത് എന്ന പൊതുമിനിമം പോലും പാലിക്കാതെ, നടിയുടെ പരാതിയിന്മേല്‍ 'അമ്മ' രൂപീകരിച്ച അന്വേഷണ കമ്മീഷനില്‍ ആരോപണ വിധേയയായ വ്യക്തിയെ തന്നെ ഉള്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണ്. ഇരയോടൊപ്പം നിലകൊള്ളേണ്ടതിന് പകരം തങ്ങള്‍ വേട്ടക്കാരനൊപ്പമെന്ന സന്ദേശമാണ് 'അമ്മ' പൊതുസമൂഹത്തിന് നല്‍കുന്നത്', അദ്ദേഹം പറഞ്ഞു.
പരാതിക്കാരിയുടെ ആശങ്കകളും മാനസികാവസ്ഥയും മനസിലാക്കേണ്ട അമ്മയ്ക്ക് നടിയോടുള്ളത് 'ചിറ്റമ്മ നയം'' ആണെന്ന് സംശയിക്കേണ്ടിവരുമെന്ന് ആബിദ് അലി പറഞ്ഞു. നടി പൊലീസില്‍ നല്‍കിയ പരാതിയിന്മേല്‍ ബാഹ്യ ഇടപെടലുകള്‍ക്ക് ഇടനല്‍കാതെ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരണമെന്ന് ആബിദ് ആവശ്യപ്പെട്ടു.
ടിനി ടോമിനെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ അമ്മ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. സമിതിയില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സ്വതന്ത്ര സമിതി വേണമെന്ന് അന്‍സിബ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ടിനി ടോമിനെതിരായ തന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ പറഞ്ഞിരുന്നു. ടിനി ടോം തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് അന്‍സിബയുടെ ആരോപണം. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതംമാറ്റാന്‍ ശ്രമിച്ചെന്നതുള്‍പ്പെടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചെന്നും അന്‍സിബ പരാതിയില്‍ പറയുന്നു.
Content Highlights: Youth Congress State General Secretary Adv. KA Abid Ali has come out in support of actress Ansiba Hassan amid the ongoing controversy