ഒരു പവന്‍ സ്വർണം 80000 രൂപയ്ക്ക് ലഭിക്കുമോ? 35000 ഡോളർ പ്രവചനവുമായി ഇല്യ സ്പിവാക്; സാഹചര്യങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 395 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്

ഒരു പവന്‍ സ്വർണം 80000 രൂപയ്ക്ക് ലഭിക്കുമോ? 35000 ഡോളർ പ്രവചനവുമായി ഇല്യ സ്പിവാക്; സാഹചര്യങ്ങള്‍ ഇങ്ങനെ
അജ്മല്‍ എം കെ
4 min read|10 Jun 2026, 01:45 pm
dot image

സമീപകാലത്തെ ഏറ്റവും വലിയ ഇടിവിലേക്കാണ് സ്വർണ വില ഇന്ന് എത്തിയിരിക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയിലും വലിയ തകർച്ചയുണ്ടായി. രാജ്യാന്തര വിപണിയിൽ സ്വർണവില കഴിഞ്ഞ 11 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.9 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,181 ഡോളറിലെത്തി. ഓഗസ്റ്റിൽ ഡെലിവറി ചെയ്യേണ്ട യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 1.9 ശതമാനം കുറഞ്ഞ് 4,204.70 ഡോളറുമായിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 395 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,645 രൂപയായി താഴ്ന്നു. പവൻവിലയിൽ 3,160 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 1,09,160 രൂപയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണവില താഴേക്ക് വന്നിരുന്നു.

വില കുറയാന്‍ കാരണം

യുഎസ് പലിശനിരക്കുകൾ സംബന്ധിച്ച പ്രതീക്ഷകളിൽ വന്ന മാറ്റമാണ് വിലയിടിവിന് പിന്നിലെ പ്രധാന കാരണം. ശക്തമായ യുഎസ് തൊഴിൽ വിപണി ഡാറ്റ പുറത്തുവന്നതോടെ ഡിസംബറോടെ യുഎസ് വീണ്ടും പലിശനിരക്ക് വർധിപ്പിക്കാൻ 70 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നാണ് സിഎംഇ ഫെഡ് വാച്ച് ടൂൾ വ്യക്തമാക്കുന്നത്. പലിശനിരക്കുകൾ ഉയരുമ്പോൾ ബോണ്ടുകളെപ്പോലെ നിശ്ചിത വരുമാനം നൽകാത്ത സ്വർണത്തിന്റെ ആകർഷണീയത കുറയുകയും നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടക്കുകയും ചെയ്യുന്നു.

ഇതിനൊപ്പം യുഎസ് ഡോളർ സൂചികയും ബോണ്ട് യീൽഡും ശക്തമായ മുന്നേറ്റം നടത്തിയതോടെ, മറ്റ് കറൻസികൾ ഉപയോഗിക്കുന്നവർക്ക് ഡോളറിൽ വിലയിട്ട സ്വർണം വാങ്ങുന്നത് ചെലവേറിയതായി മാറി. ഇതാണ് വിപണിയിൽ കടുത്ത വിൽപനസമ്മർദ്ദത്തിന് (Liquidation) കാരണമായത്. കൂടാതെ ബാങ്ക് ഓഫ് ജപ്പാനും പലിശനിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിക്കുമെന്ന സൂചനകൾ നൽകിയതും വിലപിടിപ്പുള്ള ലോഹങ്ങൾക്ക് തിരിച്ചടിയായി.

പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിൽ വീണ്ടും ഉടലെടുത്ത യുദ്ധസാഹചര്യങ്ങളും വിപണിയിലെ അസ്ഥിരത വർധിപ്പിച്ചു. ഹോർമുസ് കടലിടുക്കിൽ യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്ന് യുഎസ് തിരിച്ചടി നൽകിയതും, ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതും ക്രൂഡ് ഓയിൽ വില വർധിപ്പിച്ചു. ഉയർന്ന എണ്ണവില പണപ്പെരുപ്പ സാധ്യത കൂട്ടിയതോടെ, യുഎസ് ഫെഡറൽ റിവർവ് പലിശനിരക്കുകൾ ദീർഘകാലം ഉയർന്ന നിലയിൽ തന്നെ നിലനിർത്തിയേക്കുമെന്ന ആശങ്ക നിക്ഷേപകർക്കിടയിൽ ശക്തമായി

പ്രവചനം

നിലവിൽ സ്വർണത്തിന് ഔൺസിന് 4,100 ഡോളർ എന്ന നിലവാരം നിർണായകമാണെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ നിരക്കും കടന്ന് വില താഴേക്ക് പോയാൽ വർഷാവസാനത്തോടെ സ്വർണവില ഔൺസിന് 3,500 ഡോളറിലേക്ക് വരെ ഇടിയാൻ സാധ്യതയുണ്ടെന്നാണ് ടേസ്റ്റിലൈവിലെ മാക്രോ വിഭാഗം മേധാവി ഇല്യ സ്പിവാക് വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ സൂചികകൾ (CPI) ആയിരിക്കും ഇനി വിപണിയുടെ ഗതി നിശ്ചയിക്കുക.

3,500 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ നിലവിലെ രൂപ-ഡോളർ വിനിമയ നിരക്കില്‍ കണക്കാക്കിയാല്‍ പോലും 22 കാരറ്റിന്റെ വില 80000 രൂപയിലേക്ക് എത്തിയേക്കാം. സ്വർണത്തിന് പുറമെ പ്ലാറ്റിനം, പലേഡിയം തുടങ്ങിയ മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളിലും ഇടിവുണ്ട്. സ്പോട്ട് സിൽവർ വില 2.1 ശതമാനം ഇടിഞ്ഞ് ഔൺസിന് 64.01 ഡോളറിലെത്തി. പ്ലാറ്റിനം വില 3.4 ശതമാനവും പലേഡിയം വില 1.5 ശതമാനവും ഇടിഞ്ഞു. അതേസമയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി ചൈന പ്രഖ്യാപിച്ച 2 ട്രില്യൺ യുവാൻ നിക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ചെമ്പ് ഉൾപ്പെടെയുള്ള ബേസ് മെറ്റലുകളുടെ വിപണി വലിയ തകർച്ചയില്ലാതെ പിടിച്ചുനിർത്തുന്നത്.

Content Highlights: Analyst Ilya Spivak has discussed scenarios that could lead to a significant decline in gold prices. Factors such as easing geopolitical tensions, stronger economic growth, rising interest rates, and reduced safe-haven demand could put pressure on gold. Investors are closely watching whether these conditions could trigger a deeper correction in the precious metal market.

dot image
To advertise here,contact us
dot image