പിഎം ശ്രീ: യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം; ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍

മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജി ആർ അനിൽ

പിഎം ശ്രീ: യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയം; ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍
dot image

തിരുവനന്തപുരം: പിഎം ശ്രീ വീണ്ടും നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി ആര്‍ അനില്‍. യുഡിഎഫ് സര്‍ക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ട് തങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് ജി ആര്‍ അനില്‍ പറഞ്ഞു.

ബിജെപി കൊണ്ടുവരുന്ന എല്ലാ നയങ്ങളെയും യുഡിഎഫും മുസ്‌ലിം ലീഗും അനുകൂലിക്കാന്‍ പോവുകയാണ്. മുസ് ലിം ലീഗടക്കം ശക്തമായി എതിര്‍ത്തിരുന്നതാണ് പിഎം ശ്രീ. എന്നാല്‍ മുസ്‌ലിം ലീഗ് മന്ത്രി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ന്യായം പറഞ്ഞുകൊണ്ട് അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. 19ന് നിയമസഭ വീണ്ടും ആരംഭിക്കുമ്പോള്‍ എതിര്‍പ്പ് അറിയിക്കും. സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ് എന്നത് വെറും ന്യായം മാത്രമാണ്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നടപ്പാക്കിയാല്‍ പോരെ? തങ്ങള്‍ക്ക് ഉറച്ച നയമുണ്ടെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കാത്തത്? കേരളത്തിലെ കോണ്‍ഗ്രസ് രാജ്യത്തെ ബിജെപി നയങ്ങളെ എതിര്‍ക്കുന്നവരല്ലെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

പിഎം ശ്രീയില്‍ ഒപ്പുവെച്ചത് തെറ്റായ കാര്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സിപിഐയോട് അന്ന് സിപിഐഎം പറഞ്ഞത് തെറ്റായ കാര്യമെന്ന് ബോധ്യമായി. മുന്‍മന്ത്രി ശിവന്‍കുട്ടി പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു. കരാറില്‍ നിന്ന് പിന്‍വാങ്ങി എന്ന് പറഞ്ഞ് സിപിഐയെ തെറ്റിദ്ധരിപ്പിച്ചു. പിഎം ശ്രീയില്‍ ലീഗിന് അഭിപ്രായമുണ്ട്. യുഡിഎഫില്‍ അത് പറയുമെന്നും പിഎംഎ സലാം പറഞ്ഞു.

പിഎം ശ്രീയില്‍ യുഡിഎഫ് മുട്ടുമടക്കാന്‍ പാടില്ലെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് എംഎല്‍എ പറഞ്ഞു. കാവി രാഷ്ട്രീയത്തിന്റെ വിഷ സിലബസുകള്‍ കേരളത്തിലെ ക്ലാസ്സ് മുറിയില്‍ പഠിപ്പിക്കില്ല. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അതിന്റെ സെക്യുലര്‍ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ട് തന്നെ യുഡിഎഫ് സംരക്ഷിക്കും. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടുകൊടുത്തവര്‍ ഇപ്പോള്‍ യുഡിഎഫിന് ക്ലാസ് എടുക്കാന്‍ വരുന്നതിന് മുമ്പ് ഈ കാരാര്‍ ഒപ്പിട്ടതിനെ കുറിച്ച് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറുണ്ടോ എന്നും പി കെ നവാസ് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി കെ നവാസിന്റെ പ്രതികരണം.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് മന്ത്രി കെ മുരളീധരനും പ്രതികരിച്ചു. പിഎം ശ്രീ പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ചതാണെന്നും പരിശോധനകള്‍ക്ക് ശേഷം മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്നും മന്ത്രി പ്രതികരിച്ചു.

Content Highlights- G R Anil criticised the UDF government's stance on the PM SHRI scheme, alleging that it reflects a double-standard policy approach.

dot image
To advertise here,contact us
dot image