നമ്മളെ തമാശക്കാരാക്കിയ സലിം കുമാർ, ഒരിക്കലും മറക്കാനാകില്ല ആ ഡയലോഗുകൾ

തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ജനിച്ച മലയാളികളില്‍ ഭൂരിഭാഗം പേരുടെയും ജീവിതത്തില്‍ ഒരു സലിം കുമാര്‍ ഡയലോഗെങ്കിലും ഇല്ലാതെ ഒരു ദിവസം കടന്നു പോകുന്നുണ്ടാകുമോ..

നമ്മളെ തമാശക്കാരാക്കിയ സലിം കുമാർ, ഒരിക്കലും മറക്കാനാകില്ല ആ ഡയലോഗുകൾ
dot image

സലിം കുമാര്‍ വിട വാങ്ങിയിരിക്കുന്നു. ഒരു നടന്‍ വിട വാങ്ങുമ്പോള്‍ അദ്ദേഹത്തെ ആസ്വദിച്ച പ്രേക്ഷകരില്‍ ബാക്കിയാകുന്നത് എന്താണ് എന്ന് ആലോചിക്കുകയായിരുന്നു. ഒരുപാട് കാര്യങ്ങളുണ്ടാകും. മറക്കാനാകാത്ത പെര്‍ഫോമന്‍സുകള്‍, അഭിനയ പ്രതിഭകൊണ്ട് അത്ഭുതപ്പെടുത്തിയ നിമിഷങ്ങള്‍ അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍. പക്ഷെ ചില അഭിനേതാക്കള്‍ വിട വാങ്ങിയാലും അവര്‍ നമ്മുടെ കൂടെ എന്നുമുണ്ടാകും എന്നൊരു തോന്നലുണ്ടാകാറുണ്ട്, ഒരു തരം ഉറപ്പ്. അങ്ങനെയൊരാളാണ് സലിം കുമാര്‍ എന്ന് പറയാം. കാരണം അദ്ദേഹം പറഞ്ഞ് ഹിറ്റാക്കിയ പല ഡയലോഗുകളും അദ്ദേഹം പറഞ്ഞ അതേ മോഡുലേഷനില്‍ ആ ടോണില്‍ നമ്മളില്‍ കയറിക്കൂടിയുണ്ട്.

ഒന്ന് ആലോചിച്ച് നോക്കൂ, തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും ജനിച്ച മലയാളികളില്‍ ഭൂരിഭാഗം പേരുടെയും ജീവിതത്തില്‍ ഒരു സലീം കുമാര്‍ ഡയലോഗെങ്കിലും ഇല്ലാതെ ഒരു ദിവസം കടന്നു പോകുന്നുണ്ടാകുമോ.. കൂട്ടുകാരോടും വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും എന്തിന് ചിലപ്പോഴൊക്കെ ആദ്യമായി പരിചയപ്പെടുന്നവരോട് പോലും ഒരു സലിം കുമാര്‍ ഡയലോഗിലൂടെ നമ്മള്‍ അടുപ്പം കൂടും, തമാശകള്‍ പറയും.

നാല് പേര്‍ കയ്യടിക്കുന്ന, ബോസ് അഭിനന്ദിക്കുന്ന ഒരു നിമിഷമുണ്ടായാല്‍ അപ്പോള്‍ തന്നെ നമ്മള്‍ കൂട്ടത്തിലൊരാളോട് പറയും - കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളു ഭയങ്കര ബുദ്ധിയാ… എന്ന്. കൂട്ടുകാരനെ കളിയാക്കികൊണ്ട് ഒരു സോറി പറയണമെങ്കില്‍ ഐ ആം ദ സോറി അളിയാ… ഐ ആം ദ സോറി എന്ന് പറയാത്തവരുണ്ടോ.

Salim Kumar in Meeshamadhavan movie
മീശമാധവനില്‍ അഡ്വ. മുകുന്ദനുണ്ണി

സാധാരണ കലിപ്പ് ഇടുന്ന ചില ബന്ധുക്കളോ ഓഫീസിലെ ഹെഡോ നല്ല രീതിയ്ക്ക് പെരുമാറിയാല്‍ ഉള്ളില്‍ നിന്ന് ഉയരുന്ന ഡയലോഗ് ഏതാണ്… സംശയിക്കേണ്ട അത് തന്നെ… 'എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മൊത്തം പ്രാന്തായി പോയതാണോ…' .. ചായക്കടയില്‍ പോയാല്‍ പലഹാരമല്ലെടാ… പരിഹാരം… പലഹാരത്തെ പറ്റി ഓര്‍മിപ്പിച്ച സ്ഥിതിക്ക് എന്ന് പറഞ്ഞ് ആവശ്യമുള്ളത് പറഞ്ഞു തുടങ്ങുന്ന എത്രയോ പേരുണ്ട്.

മൈക്കിള്‍ ജാക്സണ്‍ നമുക്കൊക്കെ പ്രിയപ്പെട്ടതാണ്, പക്ഷെ ഡാന്‍സ് മാസ്റ്റര്‍ വിക്രം അത് മറ്റൊരു വികാരമല്ലേ… നന്നായി ഒന്ന് ഒരുങ്ങി വന്നാല്‍ ഇത്രയും ഫേമസായ എന്നെ മനസില്ലായില്ലെടാ ജാഡ തെണ്ടി എന്ന് പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനമില്ല. ആ..ഫൂ.. ആ..ഫൂ എന്ന് പറഞ്ഞ് മുടി കൂടി ഊതിപ്പറപ്പിച്ചാലേ ഒരു സമാധാനമുള്ളു. കല്യാണമോ പാര്‍ട്ടിയോ കോളേജ് റീയൂണിയനോ മ്യൂസിക് കണ്‍സേര്‍ട്ടോ.. അങ്ങനെ പരിപാടി ഏതായാലും സ്റ്റേജിന് താഴെ നിന്ന് വട്ടം കൂടി ഡാന്‍സ് ചെയ്യുമ്പോള്‍ 'മുദ്ര ശ്രദ്ധിക്കണമെടാ…മുദ്ര' എന്ന് പറഞ്ഞ് ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്റെ സ്റ്റെപ്പ് ഇടുക എന്നത് നമ്മുടെ ശരീരത്തിന്റെയും മനസിന്റെയും ഒരു ഇന്‍വൊളന്ററി ആക്ഷനായി മാറിക്കഴിഞ്ഞു.

Salim Kumar in Chathikatha Chandhu movie
ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ ഡാന്‍സ് മാസ്റ്റര്‍ വിക്രം

ട്രിപ്പ് നടക്കില്ലെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും പ്ലാനുകളുമായി എത്തുന്ന കൂട്ടുകാരിയുടെ മെസേജിന് താഴെ 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന് നമ്മള്‍ എഴുതി വിടാറില്ലേ… പുറത്ത് പോയി ഫുഡ് കഴിക്കാം എന്ന് പറയുമ്പോള്‍ 7 സ്റ്റാര്‍ റെസ്റ്റോറന്റിന്റെ പേരുമായി എത്തുന്ന കൊളീഗിനോട് അക്കൗണ്ട് ബാലന്‍സ് എടുത്ത് കാണിച്ച് - അത്ര വലിയ ബന്ധങ്ങളിലേക്ക് പോകണോ റേഷന്‍കട മറന്ന് മണ്ണെണ്ണ വാങ്ങണോ എന്ന് നിങ്ങള്‍ ചോദിക്കാറില്ലേ…

നമ്മുടെ ട്രോളുകളെയും മീമുകളെയും ഭരിച്ച നടന്മാരിലൊരാളും സലീം കുമാര്‍ ആയിരിക്കും. കയ്യിലിരിക്കുന്ന ഫോണിലെ സ്റ്റിക്കറുകളൊന്ന് എടുത്ത് നോക്കൂ. സലീം കുമാറിന്റെ ഡയലോഗുകളും കഥാപാത്രങ്ങളും അവിടെ നിറഞ്ഞ് നില്‍ക്കുന്നുണ്ടാകുമല്ലേ..

അങ്ങനെ നമ്മുടെ ഡെ ടു ഡേ ലൈഫിന്റെ ഭാഗമായ, അവിടെ നിറഞ്ഞുനിന്ന, ബോറിങ് നിമിഷങ്ങളെ പോലും ചിരി പടര്‍ത്തുന്ന നിമിഷങ്ങളാക്കിയ, നമ്മുടെ ഉള്ളിലെ ഫണ്ണിബോണ്‍സിന് കൂട്ടായ സലീം കുമാര്‍ വിട വാങ്ങിയിരിക്കുകയാണ്. അത്ഭുതപ്പെടുത്തുന്ന അഭിനയ പ്രതിഭയായിരുന്നു അദ്ദേഹം.

Salim Kumar

ചിരിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും നടന്ന നാളുകള്‍ക്ക് ശേഷം മലയാളികളുടെ നെഞ്ചില്‍ നോവ് പടര്‍ത്താനും ആ നടന് കഴിഞ്ഞിരുന്നു. അവാര്‍ഡുകളുടെ തിളക്കം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പക്ഷെ ഇന്ന് അദ്ദേഹം വിട വാങ്ങുമ്പോള്‍ നമ്മള്‍ ഏറ്റവും മിസ് ചെയ്യാന്‍ പോകുന്നത് അദ്ദേഹം പറയാന്‍ ബാക്കിവെച്ച ഡയലോഗുകളായിരിക്കും. പിന്നെ നമ്മുടെ ഉള്ളിലും ഫോണുകളിലും ട്രോളുകളിലുമെല്ലാമായി സലിം കുമാര്‍ എന്നെന്നും ഉണ്ടാകുമല്ലോ.

Content Highlights: As Salim Kumar says final good bye we all are looking back at his famous dialogues that made us laugh our heart out.

dot image
To advertise here,contact us
dot image