

കൊച്ചി: അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് നടന്‍ സുബീഷ് സുധി. അടുത്തറിഞ്ഞാല്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന ആളാണ് സലിം കുമാറെന്നാണ് സുബിഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പറവൂരിലെ വീട്ടില്‍ താന്‍ എന്ന അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇല്ലല്ലോ എന്ന് സുബീഷ് പറഞ്ഞു. മനസില്‍ നിന്ന് സലിം കുമാര്‍ മായുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത കോണ്‍ഗ്രസുകാരനായ സലിം കുമാര്‍ ഒരു കടുത്ത പി ജയരാജേട്ടന്‍ ഫാന്‍ ആയിരുന്നുവെന്നും സുബീഷ് ഓര്‍ത്തു. അദ്ദേഹത്തിന്റെ തെളിമയാര്‍ന്ന രാഷ്ട്രീയം സലിം കുമാറിനെ ആകര്‍ഷിച്ചിരുന്നുവെന്ന് സുബീഷ് പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് എറണാകുളത്തുവന്ന ജയരാജനെ കൂട്ടി താന്‍ പറവൂരുള്ള സലിം കുമാറിന്റെ വീട്ടില്‍ പോയി. ജയരാജന്‍ അവിടെയുണ്ട് എന്നറിഞ്ഞ ഇന്നത്തെ മുഖ്യമന്ത്രിയായ വി ഡി സതീശന്‍ സലിം കുമാറിനെ വിളിച്ച് തമാശയ്ക്ക് 'എന്താ സലിമേ നമ്മളെ വിട്ട് പോകുകയാണോ' എന്ന് ചോദിച്ചു. അന്ന് സലിം കുമാര്‍ പറഞ്ഞ രസകരമായ മറുപടി തനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് സുബീഷ് സുധി പറഞ്ഞു. 'സതീശേട്ടന്‍ പോയാലും ഞാന്‍ കോണ്‍ഗ്രസ് വിടില്ല' എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടിയെന്നും സുബീഷ് പറഞ്ഞു.
കറുത്ത ജൂതന്‍ എന്ന ചിത്രത്തിന്റെ പൂജയ്ക്ക് പി ജയരാജയെനും കെ സുധാകരനെയും സലിം കുമാര്‍ ഒരുമിച്ച് എത്തിച്ച സംഭവവും സുബീഷ് ഓര്‍ത്തെടുക്കുന്നുണ്ട്. അന്ന് 'സലിമിന് വേണ്ടി നമ്മള്‍ എല്ലാം മറന്ന് ഒന്നിക്കും' എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. അമൃത ഹോസ്പിറ്റലില്‍ സലിം കുമാറിന്റെ രണ്ടാമത്തെ മകന്‍ ആരോമലിനെ കണ്ടപ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞത് 'നിങ്ങള്‍ക്ക് രാഷ്ട്രീയം പറഞ്ഞ് അടികൂടാന്‍ ഇനി അച്ഛനില്ലല്ലോ' എന്നാണെന്നും വേദനയോടെ കുറിച്ചു.

സുബീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
കടുത്ത കോണ്‍ഗ്രസുകാരന്‍ ആയ സലീമേട്ടന്‍ ഒരു കടുത്ത പി ജയരാജേട്ടന്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ തെളിമായര്‍ന്ന രാഷ്ട്രീയം സലീമേട്ടനെ ആകര്‍ഷിച്ചിരുന്നു. 2016 ഇലക്ഷന്‍ കാലത്ത് എറണാകുളത്തുവന്ന ജയരാജേട്ടനെ കൂട്ടി ഞാന്‍ പറവൂരുള്ള സലീമേട്ടന്റെ വീട്ടില്‍ പോയി. ജയരാജേട്ടന്‍ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപ്പെട്ട സിഎം അദ്ദേഹത്തെ വിളിച്ച് തമാശക്ക് ചോദിച്ചു, എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന്. അപ്പോള്‍ സലീമേട്ടന്‍ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. സതീഷേട്ടന്‍ പോയാലും ഞാന്‍ കോണ്‍ഗ്രസ് വിടില്ല.
പിന്നെയും എനിക്ക് ഒരു അനുഭവം ഉണ്ട്. കറുത്ത ജൂതന്റെ പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയില്‍ എത്തിച്ചു. അന്ന് സുധാകരേട്ടന പറഞ്ഞ വാക്ക് ഉണ്ട്. സലീമിന് വേണ്ടി നമ്മള്‍ എല്ലാം മറന്നു ഒന്നിക്കും. സലീമേട്ടനെ അടുത്ത് അറിഞ്ഞാല്‍ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കും
ഇന്ന് അമൃത ഹോസ്പിറ്റലില്‍ സലീമേട്ടന്റെ രണ്ടാമത്തെ മകന്‍ ആരോമലിനെ കണ്ടപ്പോള്‍ ആരോമല്‍ കരഞ്ഞുകൊണ്ട് പറഞ്ഞ കാര്യം നിങ്ങള്‍ക്ക് രാഷ്ട്രീയം പറഞ്ഞ് അടികൂടാന്‍ അച്ഛനില്ലല്ലോ, അതെ പറവൂരിലെ വീട്ടില്‍ ഞാന്‍ എന്ന അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇല്ലല്ലോ. മനസ്സില്‍ നിന്ന് മായുന്നില്ല. നിര്‍ത്തുന്നു.
ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
Content Highlights- Actor Subish Sudhi paid tribute to Salim Kumar by sharing a personal memory about him