

ഒന്ന് സുഖമായി ഉറങ്ങണം! ഇങ്ങനെ പറയാത്തവരായി ആരുമുണ്ടാകില്ല.
ചിലർക്ക് ജോലിത്തിരക്കുകൾ കാരണം രാത്രിയിൽ ഉറങ്ങാൻ സമയം കിട്ടാറില്ല. എന്നാൽ മറ്റ് ചിലർ അവധി ദിവസങ്ങളിൽ എട്ടോ ഒൻപതോ മണിക്കൂറിലധികം ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ്. ഉറക്കക്കുറവിനെ കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഉറക്കം കുറഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും മിക്കവരും ബോധ്യവാന്മാരാണ്.
എന്നാൽ ഉറക്കം കൂടിയാലും ആരോഗ്യം പ്രതിസന്ധിയിൽ ആകാൻ സാധ്യതയുണ്ട് എന്ന ഞെട്ടിക്കുന്ന പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആവശ്യത്തിന് ഉറങ്ങാതിരിക്കുന്നതും ആവശ്യത്തിലധികം ഉറങ്ങുന്നതും നിങ്ങളെ പ്രായക്കൂടുതലുള്ളവരാക്കി മാറ്റുമെന്നാണ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പഠനം പ്രശസ്ത ശാസ്ത്ര മാസികയായ നേച്ചറിലാണ് (Nature) പ്രസിദ്ധീകരിച്ചത്.

ഉറക്കവും പ്രായമാകുന്നതും തമ്മിലുള്ള ഞെട്ടിക്കുന്ന ബന്ധമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യുകെ ബയോബാങ്കിൽ (UK Biobank) രജിസ്റ്റർ ചെയ്ത അഞ്ച് ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യവിവരങ്ങൾ പരിശോധിച്ചതിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. നമ്മുടെ ഹൃദയം, ശ്വാസകോശങ്ങൾ, തലച്ചോറ് ഉൾപ്പെടെയുള്ള 17 പ്രധാന അവയവങ്ങളുടെ ജൈവികമായ പ്രായമാകൽ (Biological Ageing) പ്രക്രിയയെ ഉറക്കം എങ്ങനെ ബാധിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ നിരീക്ഷിച്ചത്.
ഉറക്കത്തിന്റെ കാര്യത്തിൽ ഒരു 'U-ആകൃതിയിലുള്ള' (U-shaped) ബന്ധമാണ് പ്രായമാകുന്നതുമായി ഉള്ളതെന്ന് പഠനത്തിൽ തെളിഞ്ഞു. അതായത്, ഉറക്കം കുറഞ്ഞാലും കൂടിയാലും ഒരേപോലെ ദോഷം ചെയ്യും എന്ന് ചുരുക്കം. രാത്രിയിൽ 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരിലും, 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിലും ശരീരത്തിലെ കോശങ്ങൾക്കും അവയവങ്ങൾക്കും വളരെ വേഗത്തിൽ പ്രായമാകുന്നതായി ഗവേഷകർ കണ്ടെത്തി.
എങ്കിൽ എത്ര മണിക്കൂറാണ് കൃത്യമായി ഉറങ്ങേണ്ടത്?
എല്ലാവരുടെയും ഉള്ളിൽ ഉയരുന്ന ഒരു ചോദ്യമാണിത്. അഞ്ച് ലക്ഷം ആളുകളെ നിരീക്ഷിച്ചതിൽ നിന്നും ഗവേഷകർ കണ്ടെത്തിയ ഒരു വസ്തുത ഉണ്ട്. ശരീരത്തിന് ഏറ്റവും കുറഞ്ഞ നിരക്കിൽ മാത്രം പ്രായമാകുന്നതായി കണ്ടത് 6.4 മണിക്കൂർ മുതൽ 7.8 മണിക്കൂർ വരെ രാത്രി ഉറങ്ങുന്നവരിലാണ്. ഇതാണ് ആരോഗ്യകരമായ ജീവിതത്തിനായുള്ള ഉറക്കത്തിന്റെ 'സ്വീറ്റ് സ്പോട്ട്' (sweet spot). അമേരിക്കയിലെ നാഷണൽ പബ്ലിക് ഹെൽത്ത് ഏജൻസിയായ Centres for Disease Control and Prevention (CDC) നിർദ്ദേശിക്കുന്നത് 18നും 60നും ഇടയിൽ പ്രായമുള്ളവർ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ദിവസവും ഉറങ്ങണം എന്നാണ്.

ഉറക്കം കുറഞ്ഞാൽ…?
കൊളംബിയ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ജുൻഹാവോ വെൻ പറയുന്നത് ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ ശരീരത്തിൽ വീക്കം (inflammation) വർദ്ധിക്കുകയും തൽഫലമായി കോശങ്ങൾക്ക് സ്വയം കേടുപാടുകൾ തീർക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നു എന്നാണ്. കൂടാതെ, കുറഞ്ഞ ഉറക്കം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ (cortisol) അളവ് വർദ്ധിപ്പിക്കുകയും അത് കോശങ്ങളുടെ പ്രായമാകൽ പ്രക്രിയയെ വേഗത്തിലാക്കുകയും ചെയ്യും.
അപ്പോൾ കൂടുതൽ ഉറങ്ങുന്നത് വില്ലനാകുമോ?
നിങ്ങൾ സ്ഥിരമായി 9-10 മണിക്കൂർ ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ, അത് ശരീരത്തിലെ മറ്റ് അസുഖങ്ങളുടെ ലക്ഷണമാകാം എന്നാണ് ഗവേഷണം പറയുന്നത്. കൂടുതൽ സമയം ഉറങ്ങുന്നത് പൂർണ്ണമായും ശരീരത്തെ ദോഷമായി ബാധിക്കുന്നില്ല. എന്നാൽ സ്ഥിരമായി കൂടുതൽ സമയം ഉറങ്ങുന്നവർക്ക് പ്രായമാകുമ്പോൾ വിഷാദരോഗം, ഹൃദ്രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണ്. ചുരുക്കത്തിൽ, കൃത്യമായ അളവിലുള്ള ഉറക്കം അനിവാര്യമാണ്.
നല്ല ഉറക്കത്തിനായി എന്തുചെയ്യാം?
നമ്മുടെ ജൈവഘടികാരത്തെ (Circadian Rhythm) കൃത്യമായി നിലനിർത്താൻ വിദഗ്ദ്ധർ ചില വഴികൾ നിർദ്ദേശിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ കിടക്കുകയും ഒരേ സമയത്ത് ഉണരുകയും ചെയ്യുക എന്നതാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മൊബൈൽ, ടിവി സ്ക്രീനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതും ഉചിതമാണ്. കൂടാതെ രാത്രികാലങ്ങളിൽ മദ്യപാനം ഒഴിവാക്കുക. അതുപോലെ രാവിലെ ഉണരുമ്പോൾ നല്ല വെളിച്ചമേൽക്കുന്നത് ശരീരത്തെ ഉന്മേഷമുള്ളതാക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlight: A study conducted by researchers of Columbia University found that sleeping too much or too little speeds up biological ageing.