'5,326 കോടി കൃത്യമായി വിതരണം ചെയ്ത LDF സർക്കാരിന് 377 കോടി രൂപ നൽകുന്നതില്‍ എന്താണ് തടസ്സം'; സതീശന് മറുപടി

ഇത്തരം കുതന്ത്രങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും യുഡിഎഫും പിന്മാറണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു

'5,326 കോടി കൃത്യമായി വിതരണം ചെയ്ത LDF സർക്കാരിന് 377 കോടി രൂപ നൽകുന്നതില്‍ എന്താണ് തടസ്സം'; സതീശന് മറുപടി
dot image

തിരുവനന്തപുരം: പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനത്തില്‍ 377 കോടി രൂപ നല്‍കാതെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതല ഒഴിഞ്ഞത് എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും എംഎല്‍എയുമായ കെ എന്‍ ബാലഗോപാല്‍. 2021-26 കാലഘട്ടത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കിയത് 5,326 കോടി രൂപയാണ്. 2026 മാര്‍ച്ച് മാസം വരെ മുന്നിലെത്തിയ എസ്‌സി-എസ്ടി സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ ബില്ലുകളും പാസാക്കിയിട്ടാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിലേക്ക് പോയതെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം.

തുടര്‍ന്നുള്ള മാസങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ബില്ലുകളിലെ തുകയാകണം 377 കോടി രൂപ. 5,326 കോടി രൂപ കൃത്യമായി വിതരണം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് 377 കോടി രൂപ കൊടുക്കുന്നതില്‍ എന്താണ് തടസ്സം?. അത് വളരെ കുറച്ച് മാസങ്ങളിലെ ബില്ലുകള്‍ ആകാനാണ് സാധ്യത. അത് ഉള്‍പ്പെടെ നല്‍കാനുള്ള പണം ഖജനാവില്‍ അവശേഷിപ്പിച്ചാണ് സര്‍ക്കാര്‍ ചുമതലയൊഴിഞ്ഞത്. അധികാരമേറ്റ ഉടനെ ആ ബില്ലുകള്‍ മാറി നല്‍കുന്നതിന് പകരം നിയമസഭയില്‍ അതൊരു കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫുകാര്‍ ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമായാണെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

ധവളപത്രത്തിലൂടെ കഴിഞ്ഞ ഒരു വര്‍ഷക്കാലം അന്നത്തെ പ്രതിപക്ഷ നേതാവും യുഡിഎഫും ഉന്നയിച്ച ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട സകല ആരോപണങ്ങളുടെയും അടിസ്ഥാനം പോലും തകര്‍ന്നുവീണിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുകമറ സൃഷ്ടിച്ച് തങ്ങള്‍ക്കുണ്ടായ ജാള്യതയില്‍ നിന്നും കരകയറാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത്തരം കുതന്ത്രങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും യുഡിഎഫും പിന്മാറണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

Content Highlights- Former finance Minister K N Balagopal responded to Opposition Leader V D Satheesan regarding financial allocations in Kerala

dot image
To advertise here,contact us
dot image