തിരുവനന്തപുരത്ത് സ്‌കൂൾകെട്ടിടഭാഗം തകർന്നുവീണു;നടപടി സ്വീകരിക്കുമെന്ന് മന്ത്രി,കോർപ്പറേഷനെ പഴിചാരി ശിവൻകുട്ടി

നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരത്ത് സ്‌കൂൾകെട്ടിടഭാഗം തകർന്നുവീണു;നടപടി സ്വീകരിക്കുമെന്ന് മന്ത്രി,കോർപ്പറേഷനെ പഴിചാരി ശിവൻകുട്ടി
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. അട്ടക്കുളങ്ങര സര്‍ക്കാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ കെട്ടിടത്തിലെ സര്‍വ ശിക്ഷാ അഭിയാന്റെ ഓഫീസ് കെട്ടിടത്തിന്റെ മുറിയുടെ മേൽക്കൂരയാണ് തകര്‍ന്നു വീണത്. ജീവനക്കാരും വിദ്യാര്‍ത്ഥികളും ഇറങ്ങിയശേഷമാണ് അപകടമുണ്ടായതെന്നതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. ഓടിട്ട കെട്ടിടമാണ് തകര്‍ന്നുവീണത്. ഫയര്‍ഫോഴ്‌സ് അടക്കമുള്ളവര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

നിലവില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ എസ്എസ്‌കെയുടെ ഓഫീസ് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഏത് തരത്തിലുള്ള ഓഫീസ് പ്രവര്‍ത്തിക്കുകയാണെങ്കിലും ഫിറ്റ്‌നസ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മേല്‍ക്കൂരയുടെ ഭാഗത്ത് പ്രവര്‍ത്തി നടത്താന്‍ ഹെറിറ്റേജ് സംരക്ഷിക്കേണ്ടത് കൊണ്ട് അനുവാദം കിട്ടിയില്ലെന്നാണ് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. പഴയ കെട്ടിടമാണ്. കൃത്യമായ മറുപടി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യജീവന്‍ വിലപ്പെട്ടതാണ്. ആരുടെ ഭാഗത്താണ് വീഴ്ച വന്നതെന്ന് പരിശോധിച്ച് നടപടിയുണ്ടാകും. മണ്‍സൂണ്‍ കാലത്ത് അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണമെന്ന നിര്‍ദേശം നിലവില്‍ കൊടുത്തതാണ്. അതും കൂടി പ്രത്യേകം പരിശോധിക്കും. താഴെ തട്ട് മുതല്‍ പരിശോധന നടത്തും. തിരുത്തേണ്ടത് തിരുത്തും', ഷംസുദ്ദീന്‍ പറഞ്ഞു.

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളാണിതെന്നും അപകടസ്ഥിതിയിലുള്ള വലിയ മരങ്ങളുണ്ടെന്നും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഏത് സര്‍ക്കാരാണെങ്കിലും വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം സമയത്ത് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

'കോര്‍പ്പറേഷന്റെ അധീനതയിലുള്ള സ്‌കൂളാണ്. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുന്നത് പോലെ കോര്‍പ്പറേഷനും ഉത്തരവാദിത്തമുണ്ട്. കോര്‍പ്പറേഷനാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് കൊടുക്കേണ്ടത്. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തത് ഭാഗ്യമായി. കോര്‍പ്പറേഷനാണ് ആദ്യത്തെ ഉത്തരവാദിത്തം. പരസ്പരം പഴിചാരേണ്ടതില്ല, എല്‍ഡിഎഫിന്റേതോ യുഡിഎഫിന്റേതോ കുറ്റം കൊണ്ടോ അല്ല വീഴ്ചയുണ്ടായത്. പഴക്കമുള്ള സ്‌കൂളാണ്. യുഡിഎഫിന്റെ കാലത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ച സ്‌കൂളാണ്. പിന്നീട് തുറന്ന് പ്രവര്‍ത്തിച്ചതാണ്', വി ശിവന്‍കുട്ടി പറഞ്ഞു.

Content Highlights: School buliding at Thiruvananthapuram collapsed

dot image
To advertise here,contact us
dot image