

തിരുവനന്തപുരം: സ്കൂളുകളിൽ മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയിൽ പ്രതികരിച്ച് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആര്‍ത്തവ അവധിയെ കുറിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തതായിരുന്നുവെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പ്രഖ്യാപനം കൊണ്ടുമാത്രം പരിഹാരം കാണാന്‍ കഴിയുന്ന വിഷയമല്ല ഇതെന്നും വി ശിവന്‍കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുണ്ട്. വിഷയം സംബന്ധിച്ച് പഠിക്കുന്നതിന് വേണ്ടി എസ്‌സിഇആര്‍ടിയെ ചുമതലപ്പെടുത്തുകയായിരുന്നു ഞങ്ങൾ ചെയ്തത്. പ്രഖ്യാപനം മോശമല്ല, പഠിച്ചിട്ട് മാത്രം പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു', വി ശിവന്‍കുട്ടി പറഞ്ഞു.
വി ഡി സതീശന്‍ സര്‍ക്കാരിന്റെ ഒന്നാം നയപ്രഖ്യാപനത്തിലായിരുന്നു ആര്‍ത്തവ അവധി പ്രഖ്യാപിച്ചത്. നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് ആര്‍ത്തവ അവധി നല്‍കുന്നതില്‍ സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചത്.
പൊതു നിര്‍ദേശമായി ഉയര്‍ന്നുവന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. ആര്‍ത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു. അവരെ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ആര്‍ത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Ex education minister V Sivankutty about menstrual leave