

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് കുഞ്ഞിന്റെ അച്ഛന്‍ അഖിലിന്റെ പിതാവ് സുനില്‍ കുമാര്‍. അഷ്‌കറിന് മുന്‍പ് അഖിലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് മകന്‍ കണ്ടെത്തിയെന്നും പിതാവ് പറഞ്ഞു. പ്രശ്‌നം വിതുര പൊലീസ് സ്റ്റേഷനില്‍ വരെ എത്തി. പൊലീസ് സ്റ്റേഷനില്‍വെച്ച് അഖില മകനുമായുള്ള ബന്ധം ഉപേക്ഷിച്ചു. വീട്ടില്‍ എത്തിയ മകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
കുഞ്ഞിന്റെ മരണത്തില്‍ അഖിലയുടെ ഡാന്‍സ് ടീച്ചറുടെ പങ്ക് അന്വേഷിക്കണമെന്നും സുനില്‍ കുമാര്‍ ആവശ്യപ്പെട്ടു. ഡാന്‍സ് ടീച്ചറാണ് മകനെയും അഖിലയെയും ബന്ധപ്പെടുത്തിയത്. ഇവര്‍ തന്നെയാണ് അഷ്‌കറിനെയും അഖിലയെയും ബന്ധപ്പെടുത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ആക്കുമെന്ന് ടീച്ചര്‍ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് വിവരം ഒന്നും ഉണ്ടായിട്ടില്ല. കുഞ്ഞ് മരിച്ച ശേഷവും ഡാന്‍സ് ടീച്ചര്‍ വിളിച്ചിട്ടില്ല. ഇവരുടെ പങ്ക് പരിശോധിക്കണം. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള ശ്രമം രണ്ട് മൂന്ന് മാസമായി നടന്നുവരികയായിരുന്നു. കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
കുഞ്ഞിന്റെ കൊലപാതകത്തില്‍ പ്രതി അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തില്‍ ആണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തില്‍ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുഞ്ഞ് അര്‍ഷിദ് നേരിട്ടത് കൊടും പീഡനമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയില്‍ പലതും പഴയ മുറിവുകളാണ്. കുഞ്ഞിന്റെ എല്ലുകള്‍ക്ക് ഒടിവും കണ്ടെത്തി. ജനനേന്ദ്രിയത്തിലും പരിക്കേറ്റിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ അടയാളങ്ങളുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ആന്തികാവയവങ്ങള്‍ക്കേറ്റ ക്ഷതവും ക്രൂരമായ ശാരീരിക മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു.
Content Highlights- The grandfather of the one-and-a-half-year-old child killed in Nedumangad has made allegations about the family’s past relationships while speaking about the case