'പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കില്ല, ഗോവധനിരോധനം ഏർപ്പെടുത്താനും ആലോചനയില്ല'; കേന്ദ്രമന്ത്രി

ഇത്തരം വിഷയങ്ങളിൽ പ്രാദേശിക പരിഗണനകൾക്കും നിലപാടുകൾക്കും പ്രാധാന്യമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു

'പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കില്ല, ഗോവധനിരോധനം ഏർപ്പെടുത്താനും ആലോചനയില്ല'; കേന്ദ്രമന്ത്രി
dot image

ന്യൂഡൽഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കാനോ രാജ്യവ്യാപകമായി ഗോവധനിരോധനം ഏർപ്പെടുത്താനോ ആലോചനയിലില്ലെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. വിവിധ വിഭാഗങ്ങൾ ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ പ്രാദേശിക പരിഗണനകൾക്കും നിലപാടുകൾക്കും പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ തത്ക്കാലം ഈ വിഷയം കേന്ദ്രമന്ത്രി സഭയുടെ പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'നിലവിൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിൽ അത്തരമൊരു കാര്യമില്ല. സർക്കാരിനോ കേന്ദ്ര മന്ത്രിസഭയ്‌ക്കോ അങ്ങനൊരു നിർദേശത്തിൽ ഇടപെടേണ്ടി വന്നാൽ എല്ലാവരെയും അറിയിക്കുമെന്നും പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലടക്കം ഗോവധനിരോധനം ആവശ്യപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്നത് അറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ സംഘടനകൾ ഗോവധനിരോധനത്തിനായി മുറവിളി കൂട്ടുമ്പോൾ ഒരു വിഭാഗം മുസ്ലീം സംഘടനകളും പണ്ഡിതന്മാരും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും ഗോവധനിരോധനം നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംഘർഷങ്ങളെ ഒഴിവാക്കാൻ ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് ജാമിയത്ത് ഉലമ - ഇ- ഹിന്ദ് മേധാവി മൗലാന അർഷാദ് മദാനി അഭിപ്രായപ്പെട്ടത്.

സംഘടനയുടെ മുൻ വൈസ് പ്രസിഡന്റ് ഹമിദ് അൻസാരിയും ഇതിനെ പിന്തുണച്ചിരുന്നു. മുസ്ലീം വിശ്വാസികൾ പശുവിനെ ബലി നൽകുന്നത് ഒഴിവാക്കണമെന്നും ഇസ്ലാമിൽ ഏതെങ്കിലും മൃഗങ്ങളെ ബലി അർപ്പിക്കാൻ നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ആൾ ഇന്ത്യ മുസ്ലീം പേർസണൽ ലോ ബോർഡ് സീനിയർ എക്‌സിക്യൂട്ടീവ് അംഗമായ മൗലാന ഖാലിദ് റാഷിദ് ഫാരാംഗി മാഹാലിയും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് മതപരമായ വിശ്വാസങ്ങളോടുള്ള ബഹുമാനമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: A Union Minister has clarified that the central government is not considering any proposal to declare the cow as India's national animal. The minister also stated that there are no plans to introduce a nationwide ban on cow slaughter

dot image
To advertise here,contact us
dot image