

ദുബായ്: ദുബായിലെ സ്വർണവിലയിൽ വീണ്ടും വർധനവ്. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുന്നതാണ് ദുബായിൽ സ്വർണവില വീണ്ടും ഉയർത്തിയത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് പ്രകാരം യു എ ഇ വിപണിയിൽ കഴിഞ്ഞ ദിവസം വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 544 ദിർഹമായി ഉയർന്നു. തൊട്ടുതലേദിവസം ഇത് 541.25 ദിർഹത്തിലായിരുന്നു ക്ലോസ് ചെയ്തത്. ഇതേ ട്രെൻഡ് പിന്തുടർന്ന് 22 കാരറ്റ് സ്വർണവിലയും ഗ്രാമിന് 501.25 ദിർഹത്തിൽ നിന്ന് 503.75 ദിർഹമായി വർധിച്ചു.
നിലവിലെ പ്രതിസന്ധികൾക്കിടയിലും സ്വർണവിലയിൽ നേരിയ മുന്നേറ്റം പ്രകടമാണെങ്കിലും വിപണി പൂർണ്ണമായും ശാന്തമായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം അമേരിക്കയിലെ നാണയപ്പെരുപ്പ നിരക്കുകളും പലിശനിരക്ക് സംബന്ധിച്ച യു എസ് ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളും നിക്ഷേപകർ ഉറ്റുനോക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകളുടെ പുരോഗതിയും അത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കാൻ പോകുന്ന സ്വാധീനവും നിക്ഷേപകർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 0.36 ശതമാനം ഉയർന്ന് 4,518.27 ഡോളറിലെത്തി. എന്നാൽ മുൻപ് രേഖപ്പെടുത്തിയ വൻ ഇടിവിന് ശേഷമുള്ള ഈ തിരിച്ചുവരവ് താത്കാലികം മാത്രമാണെന്നും വിപണി ഇപ്പോഴും ദുർബലമാണെന്നുമാണ് വിലയിരുത്തൽ. യു എസ് ഡോളർ ശക്തിപ്പെടുന്നതും യു എസ് കടപ്പത്ര നിരക്കുകൾ (Bond Yields) ഉയരുന്നതും സ്വർണവിലയ്ക്ക് മുകളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പ്രമുഖ സാമ്പത്തിക അനലിസ്റ്റ് ഡാനിയേല ഹാത്തോൺ വ്യക്തമാക്കുന്നു. കടപ്പത്രങ്ങളിൽ നിന്നുള്ള ലാഭം കൂടുമ്പോൾ നിക്ഷേപകർ സുരക്ഷിത ആസ്തിയായ സ്വർണത്തിൽ നിന്നും മാറി മറ്റ് മേഖലകളിൽ നിക്ഷേപിക്കാൻ സാധ്യതയേറെയാണ്.
ദുബായിക്ക് പുറമെ ഇന്ത്യൻ വിപണിയിലും സ്വർണവിലയിൽ മുന്നേറ്റമുണ്ടായി. ഇന്ത്യയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 156050 രൂപയിൽ നിന്ന് 157640 രൂപയായും, 22 കാരറ്റ് സ്വർണം 143050 രൂപയിൽ നിന്ന് 144500 രൂപയായും ഉയർന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷ സാധ്യതകൾ മുൻപത്തെ അത്ര ശക്തമല്ലാത്തതും ഇന്ധന വിതരണത്തിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞതും ആഗോളതലത്തിൽ എണ്ണവില കുറയാൻ കാരണമായിട്ടുണ്ട്. ഇത് താൽക്കാലികമായി നിക്ഷേപകർക്ക് ആശ്വാസം നൽകുന്നുണ്ടെങ്കിലും യു.എസ് ഡോളറിന്റെ മൂല്യവർധനവും വിപണിയിലെ മാറ്റങ്ങളും സ്വർണവിലയിലെ ഈ മുന്നേറ്റത്തിന് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
Content Highlights: Gold prices in Dubai have moved higher, with 24-carat gold priced at 544 dirhams per gram and 22-carat gold at 503.75 dirhams. The increase reflects ongoing strength in international gold markets and may influence buying decisions among residents, tourists, and investors in the UAE.